‘ആമേന്‍ ഉജ്ജ്വലം, ഇതാണ് സിനിമ’ - യാത്രി ജെസെന്‍ എഴുതുന്നു
WEBDUNIA|
PRO
പുണ്യാളന്‍ എന്നെ നയിച്ചു. ഒരിക്കല്‍ ‘ആമേന്‍’ കാണാനെത്തി മറ്റൊരു സിനിമ കാണേണ്ടിവന്ന ഞാന്‍ വീണ്ടും ആമേന്‍ കളിക്കുന്ന തിയേറ്ററില്‍. ഇങ്ങനെ വീണ്ടും വരാന്‍ വിശുദ്ധന്‍ തോന്നിപ്പിച്ചില്ലായിരുന്നെങ്കില്‍ മലയാളത്തിലെ ഏറ്റവും മികച്ച ഒരു സിനിമ എനിക്ക് നഷ്ടപ്പെടുമായിരുന്നു. പുതിയ കാലത്തിന്‍റെ സിനിമാമുഖം ഞാന്‍ തിരിച്ചറിയപ്പെടാതെ പോകുമായിരുന്നു.
‘ആമേന്‍’ എന്ന സൃഷ്ടിയെപ്പറ്റി എത്രവേണമെങ്കിലും വാചാലമാകാന്‍ എനിക്കുപറ്റും. ഹൃദയം ആ സിനിമയ്ക്ക് അത്രമേല്‍ കീഴടങ്ങിയിരിക്കുന്നു. കുമരംകരിയിലെ മാജിക്കല്‍ റിയലിസത്തിന്‍റെ മായിക പ്രഭയില്‍ ഇന്ന് ഇതുവരെ വിടുതി ലഭിച്ചിട്ടില്ല. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ നവസിനിമയുടെ മിശിഹയായി മാറിയിരിക്കുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി മലയാള സിനിമയില്‍ ഉണ്ടായ ന്യൂ ജനറേഷന്‍ കൊടുങ്കാറ്റ് ഇപ്പോഴാണ് ഏറ്റവും ശക്തമായി ആഞ്ഞുവീശുന്നത്. അതില്‍ ആമേന്‍ തന്നെ ഏറ്റവും ശക്തം. അന്യഭാഷാ ചിത്രങ്ങളെ കോപ്പിയടിച്ച് പാവം മലയാളികളെ ‘വിസ്മയിപ്പിക്കാന്‍’ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ചലച്ചിത്ര സ്രഷ്ടാക്കള്‍ ഒരിക്കലെങ്കിലും ‘ആമേന്‍’ കാണണം. തങ്ങള്‍ ഈ സിനിമയോട്, ഈ കലാസൃഷ്ടിയോട് എത്രമാത്രം അടുത്തെത്തിയിരിക്കുന്നു എന്ന് സ്വയം വിലയിരുത്തണം. അതേ, മലയാള സിനിമയുടെ അടയാള നക്ഷത്രമായി ‘ആമേന്‍’ മാറിയിരിക്കുന്നു.
നായകന്‍, സിറ്റി ഓഫ് ഗോഡ് എന്നീ മുന്‍ സൃഷ്ടികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പാറ്റേണാണ് ഈ സിനിമ സ്വീകരിച്ചിരിക്കുന്നത്. ഒരു മ്യൂസിക്കല്‍ സറ്റയര്‍ എന്ന നിലയില്‍ ആമേന്‍ പൂര്‍ണത നേടുമ്പോള്‍ അത് പുതിയൊരു കാഴ്ചാശീലത്തിന് തുടക്കമാകുകയും ചെയ്യുന്നു.