ആമേന്‍ കാണാനാണ് തിയേറ്ററിലേക്ക് ചെന്നത്. മാനേജരോട് വിളിച്ചുപറഞ്ഞിട്ടാണ് ചെന്നത്. അവിടെ എത്തിയപ്പോള്‍ ആ തിയേറ്ററില്‍ ‘3 ഡോട്ട്‌സ്’. തൊട്ടടുത്ത സെന്‍ററിലാണ് ആമേന്‍. അവിടെ എത്തണമെങ്കില്‍ ഒരു നൂറ് സ്റ്റെപ്പുകള്‍ കയറേണ്ടിവരും. അങ്ങനെ ആമേന്‍ ഉപേക്ഷിച്ചു. ‘3 ഡോട്ട്‌സ്’ കാണാന്‍ തീരുമാനിച്ചു.
3 ഡോട്ട്‌സ് ഞാന്‍ കാണാന്‍ ഉദ്ദേശിച്ചിരുന്ന പടമല്ല. സുഗീതിന്‍റെ ആദ്യപടം ഓര്‍ഡിനറി ഞാന്‍ കണ്ടതാണ്. സത്യം പറയാമല്ലോ, എനിക്കിഷ്ടമായില്ല. ഗവിയുടെ ഭംഗിയും ബിജുവിന്‍റെ പാലക്കാടന്‍ ഭാഷയുമല്ലാതെ എന്നെ ആകര്‍ഷിച്ച ഒരു ഘടകവും ആ സിനിമയിലില്ലായിരുന്നു. ക്ലൈമാക്സൊക്കെ നിരാശ മാത്രമാണ് നല്‍കിയത്. ആ പടം ഹിറ്റായപ്പോള്‍ അത്ഭുതം തോന്നി. സിനിമയുടെ ബോക്സോഫീസ് വിജയത്തിന് അടിസ്ഥാനമാകുന്ന ഘടകങ്ങള്‍ എന്തൊക്കെ എന്ന് തിരിച്ചറിയുന്നതില്‍ ഞാന്‍ സമ്പൂര്‍ണ പരാജയമാണെന്ന് തിരിച്ചറിഞ്ഞു.
അയാളും ഞാനും തമ്മില്‍ എന്ന സിനിമ കണ്ടപ്പോള്‍ മുതല്‍ പ്രതാപ് പോത്തനോട് പ്രണയമാണ്. ഇത്രയുംകാലം എവിടെയായിരുന്നു ഈ നടന്‍? സത്യത്തില്‍ 3 ഡോട്ട്‌സ് കാണാന്‍ കയറുമ്പോള്‍ എന്‍റെ ഏക സന്തോഷം പ്രതാപ് പോത്തന്‍ ഈ സിനിമയിലുണ്ട് എന്നതായിരുന്നു. പിന്നെ നല്ല ക്യാമറാവര്‍ക്ക് ഉണ്ടാകുമെന്ന വിശ്വാസവും. അതിലൊക്കെ ഉപരിയായി വിദ്യാസാഗറിന്‍റെ സംഗീതവും!