ഉസ്താദ് ഹോട്ടല്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോന്‍റെ എഴുത്തില്‍ മറ്റൊരു ചിത്രം. ഉസ്താദ് ഹോട്ടല്‍ നല്ലൊരു തിരക്കഥയാണ്. അതിന് ഒരു ലക്‍ഷ്യമുണ്ട്. ഒരു വെറും കച്ചവടക്കണ്ണ് അതിനില്ല. നല്ല വിഷ്വല്‍‌സുള്ള തിരക്കഥ. സംഭാഷണങ്ങള്‍ ഹൃദ്യം. തിലകനും ദുല്‍ക്കര്‍ സല്‍മാനും തമ്മിലുള്ള സംഭാഷണങ്ങള്‍ തന്നെ ഉദാഹരണം. വളരെ സ്വാഭാവികവും സ്നേഹം തുളുമ്പുന്നതുമാണ് അവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍.

ഒഴുക്കോടെയുള്ള കഥ പറച്ചിലാണ് സിനിമയ്ക്ക്. ലാഗ് ചെയ്യുന്നുണ്ടോ എന്ന് ഇടവേളയ്ക്ക് ശേഷം ചിലപ്പോള്‍ സംശയിക്കും. എന്നാല്‍ ആ മന്ദതാളം ചിത്രത്തിന് ഏറ്റവും അനിവാര്യമാണെന്നും അതിന് അങ്ങനെയൊരു ഒഴുക്കേ സാധ്യമാകൂ എന്നും പ്രേക്ഷകന് തിരിച്ചറിയാനാകുന്നുണ്ട്.

അന്‍‌വര്‍ റഷീദ് ഇനിയൊരു സിനിമ ചെയ്തില്ലെങ്കിലും കുഴപ്പമില്ല. അത്ര ഗംഭീരമാണ് ഉസ്താദ് ഹോട്ടല്‍. അത്രയും ഡീറ്റെയിലായിട്ട് അയാള്‍ ഈ കഥയുടെ മര്‍മത്തിലേക്ക് കടന്നിട്ടുണ്ട്. ഓരോ സീനും ഷോര്‍ട്ട് ഡിവിഷനും അതിന്‍റെ പശ്ചാത്തലങ്ങളുമെല്ലാം ഒന്നാന്തരം. ഒരു സംവിധായകന്‍റെ സാന്നിധ്യം അനുഭവിപ്പിക്കുന്നതാണ് ഓരോ രംഗവും. സമ്പൂര്‍ണമായ ഒരു സിനിമ അന്‍‌വര്‍ റഷീദ് സമ്മാനിച്ചിരിക്കുന്നു.

ലോകനാഥയന്‍റെ ഛായാഗ്രഹണ മികവിനെക്കുറിച്ച് ഒന്നും പറയാനില്ല. കണ്ടുതന്നെ അറിയുക. ഉസ്താദ് ഹോട്ടലിലെ ഓരോ രംഗവും മനസില്‍ തൊട്ടുനില്‍ക്കുന്നതാക്കി ലോകനാഥന്‍. ഗോപി സുന്ദറിന്‍റെ ഗാനങ്ങളില്‍ തിയേറ്ററില്‍ ഓളമുണ്ടാക്കിയത് ‘അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി’ എന്ന പാട്ടാണ്. എന്നാല്‍ എനിക്കിഷ്ടപ്പെട്ടത് ‘വാതിലില്‍ ആ വാതിലില്‍...’ എന്ന മെലഡി.

WEBDUNIA|
മറ്റൊരു സോള്‍ട്ട് ആന്‍റ് പെപ്പറല്ല ഉസ്താദ് ഹോട്ടല്‍. ഇത് ഒരു ചലച്ചിത്ര വിസ്മയമാണ്. അപൂര്‍വമായി മാത്രം സംഭവിക്കുന്ന വിസ്മയം. ട്രാഫിക്, ചാപ്പാകുരിശ് ഇപ്പോള്‍ ഉസ്താദ് ഹോട്ടലും. ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന യുവ നിര്‍മ്മാതാവ് നല്ല സിനിമകള്‍ക്കായുള്ള തന്‍റെ സഞ്ചാരം തുടരുകയാണ്. അനുഭവിച്ചറിയൂ ഈ രുചിക്കൂട്ടിന്‍റെ മാസ്മരികത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :