BIJU|
Last Modified വെള്ളി, 17 നവംബര്‍ 2017 (19:37 IST)
മമ്മൂട്ടി - അമല്‍ നീരദ് ടീമിന്‍റെ ബിഗ്ബിയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച ത്രില്ലിലാണ് മമ്മൂട്ടി ആരാധകര്‍. ‘ബിലാല്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമ അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും. എന്തായാലും ആ ആഘോഷപ്രഖ്യാപനത്തിന്‍റെ ലഹരി മായുംമുമ്പേ ഒരു ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രത്തിനും രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്.
2012ല്‍ പുറത്തിറങ്ങിയ ‘തീവ്രം’ എന്ന ദുല്‍ക്കര്‍ ചിത്രത്തിനാണ് രണ്ടാം ഭാഗം വരുന്നത്. സംവിധായകന്‍ രൂപേഷ് പീതാംബരന്‍ അറിയിച്ചതാണ് ഇക്കാര്യം. 2019ലേക്കാണ് ചിത്രം ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ദുല്‍ക്കര്‍ തന്നെ നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തീവ്രത്തില്‍ നിന്ന് മറ്റ് താരങ്ങളൊന്നും പുതിയ ചിത്രത്തില്‍ ആവര്‍ത്തിക്കുകയില്ല എന്നാണ് സൂചന.
ഒരു പരാജയചിത്രമാണ് തീവ്രം. എന്നാല്‍ വളരെ മികച്ച മേക്കിംഗിന് ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു ഈ സിനിമ. ചിത്രത്തിന്‍റെ റിവേഴ്സ് സ്ക്രിപ്റ്റിംഗ് രീതി തന്നെയായിരുന്നു പുതുമ. ഈ ക്രൈം ത്രില്ലറിന് രണ്ടാം ഭാഗം വരുന്നു എന്ന് പറയുമ്പോള്‍ തന്നെ ദുല്‍ക്കര്‍ ആരാധകരില്‍ ആവേശം ജ്വലിക്കുന്നതും ഇക്കാരണം കൊണ്ടുതന്നെ.
ആദ്യഭാഗം പരാജമായാലും രണ്ടാം ഭാഗം സംഭവിക്കുന്നത് ഈയിടെ മലയാളത്തില്‍ സംഭവിച്ച ട്രെന്‍ഡാണ്. ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ജയസൂര്യ ചിത്രമാണ് ഇതിന് തുടക്കമിട്ടത്.