'മേലിൽ ജയറാമിനോട് സംസാരിക്കരുത്'; പാർവതിക്ക് അമ്മയുടെ താക്കീത്, ഹംസമായി ഉർവശി
താനും ജയറാമും തമ്മിലുള്ള പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നെന്ന് നടി പാർവതി ജയറാം. പാർവതിയുടെ അമ്മയായിരുന്നു ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നത്. ജയറാമിനൊപ്പം അഭിനയിക്കാനുള്ള ഒരുപാട് അവസരങ്ങൾ അമ്മയുടെ നിർബന്ധം കാരണം വേണ്ടെന്നുവച്ചിട്ടുണ്ട്. തനിക്കാണെങ്കിൽ ജയറാമിനൊപ്പം അഭിനയിക്കുന്നതായിരുന്നു അക്കാലത്ത് ഏറെ ഇഷ്ടപ്പെട്ട കാര്യം. ഇതുംപറഞ്ഞത് അമ്മയോട് തർക്കിച്ചിരുന്നെന്നും പാർവതി പറയുന്നു.
ജയറാം-പാർവതി ബന്ധത്തെ തുടക്കം മുതൽ പാർവതിയുടെ അമ്മ എതിർത്തിരുന്നു. അക്കാലത്ത് ജയറാമിനേക്കാൾ വലിയ താരമായിരുന്നു പാർവതി. ഇതാണ് പ്രണയബന്ധത്തെ എതിർക്കാനുള്ള ആദ്യ കാരണം. പിന്നെ സിനിമയിൽ നിന്ന് ഒരു പങ്കാളി മകൾക്ക് വേണ്ട എന്നും പാർവതിയുടെ അമ്മ ആഗ്രഹിച്ചിരുന്നു. ഒടുവിൽ പാർവതിയുടെ വാശിക്ക് വീട്ടുകാർ വഴങ്ങുകയായിരുന്നു.
സിനിമ സെറ്റുകളിൽ ആർക്കും തങ്ങളുടെ പ്രണയത്തെ കുറിച്ച് അറിയില്ലെന്നാണ് പാർവതി ആദ്യം കരുതിയിരുന്നത്. എന്നാൽ പല സെറ്റുകളിലും നടൻമാരും നടിമാരും തന്നെയും ജയറാമിനേയും കളിയാക്കാൻ തുടങ്ങി. കിരീടം സിനിമ ഷൂട്ട് ചെയ്യുമ്പോൾ മോഹൻലാൽ വരെ കളിയാക്കിയിട്ടുണ്ടെന്നും ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞു.
ജയറാം-പാർവതി ബന്ധത്തിൽ നേരിടേണ്ടിവന്ന എതിർപ്പുകളെ കുറിച്ച് നടി ഉർവശിയും ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും പ്രണയത്തിനു നടുവിൽ താനൊരു ഹംസത്തെ പോലെ നിന്ന അനുഭവവും ഉർവശി വിവരിക്കുന്നു. പാർവതിയുടെ കുടുംബം ജയറാമുമായുള്ള ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. പാർവതിയുടെ അമ്മയ്ക്കായിരുന്നു കൂടുതൽ എതിർപ്പ്. മേലിൽ ജയറാമിനോട് സംസാരിക്കരുതെന്ന് പാർവതിയെ ഒരിക്കൽ അമ്മ താക്കീത് ചെയ്തിട്ടുണ്ട്. മകൾ ഇനി ജയറാമിന്റെ നായികയായി അഭിനയിക്കരുതെന്നും പാർവതിയുടെ അമ്മ ഒരിക്കൽ തീരുമാനിച്ചിരുന്നു. ഈ സമയത്തെല്ലാം പാർവതിക്കും ജയറാമിനും രക്ഷകയായത് ഉർവശിയാണ്.
വേണു നാഗവള്ളിയുടെ സ്വാഗതം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. ജയറാമിനൊപ്പം പാർവതിയും ഉർവശിയും അഭിനയിക്കുന്നുണ്ട്. ഷൂട്ടിങ്ങിനിടെ ജയറാമിനോട് സംസാരിക്കാൻ പോകരുതെന്ന് പാർവതിയെ അമ്മ വിലക്കി. പാർവതിയോട് സംസാരിക്കാതിരിക്കാൻ ജയറാമിന് കഴിയില്ലായിരുന്നു. ജയറാം ഉർവശിയുടെ സഹായം തേടി. ഷൂട്ടിങ് എല്ലാം കഴിഞ്ഞ് ജയറാം ഉർവശിയുടെ മുറിയിലേക്ക് പോകും. അവിടെ വച്ച് ഉർവശിയുടെ റൂമിലെ ഫോണിൽ നിന്ന് ജയറാം പാർവതിയെ വിളിക്കും. പാർവതിയുടെ അമ്മയ്ക്ക് സംശയം തോന്നുകയും ഇല്ല. മിക്ക ദിവസങ്ങളിലും ഉർവശിയുടെ റൂമിൽ ജയറാം എത്തിയിരുന്നു. ഇതിനിടെ ഒരു ദിവസം പാർവതിയുടെ അമ്മ ഈ കള്ളക്കളി പിടിച്ചു. ജയറാം ഫോണിലൂടെ സംസാരിച്ചപ്പോൾ അപ്പുറത്തെ സൈഡിൽ പാർവതിയുടെ അമ്മയായിരുന്നു. പാർവതി ആണെന്ന് കരുതിയാണ് ജയറാം സംസാരിച്ചിരുന്നത്. അന്ന് പാർവതിക്ക് അമ്മയിൽ നിന്ന് കുറേ ചീത്ത കേൾക്കേണ്ടി വന്നെന്നും ഉർവശി ഓർക്കുന്നു.
