'മക്കളെവിടെ? അവരോട് സംസാരിക്കണം’; ജയിലിൽ നിന്നും ലിജി വീട്ടിലേക്ക് വിളിച്ചു

ഗോൾഡ ഡിസൂസ| Last Modified തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (11:28 IST)
ശാന്തന്‍പാറ പുത്തടിയില്‍ ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷി(31)നെ ഇല്ലാതാക്കിയ കേസിലെ രണ്ടാം പ്രതിയായ ഭാര്യ ലിജി മുംബൈ ജയിലിൽ നിന്നും വീട്ടിലേക്ക് വിളിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം റിജോഷിന്റെ സഹോദരനെ ജയിലിലെ ഉദ്യോഗസ്ഥന്റെ ഫോണില്‍ നിന്ന് വിളിച്ചതായിട്ടാണ് റിപ്പോർട്ട്.

റിജോഷ്-ലിജി ദമ്പതികളുടെ മറ്റു 2 മക്കള്‍ റിജോഷിന്റെ കുടുംബ വീട്ടിലാണ് കഴിയുന്നത്. കുട്ടികള്‍ എവിടെയെന്നു ചോദിച്ച ലിജി അവരോട് സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടികള്‍ സ്‌കൂളില്‍ പോയി എന്ന് അറിയിച്ചതോടെ ലിജി ഫോണ്‍ വച്ചതായി റിജോഷിന്റെ സഹോദരന്‍ ജിജോഷ് പറഞ്ഞു.

റിജോഷിന്റെ ഇളയ മകള്‍ ജൊവാനയെ(2) വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ലിജിയും കാമുകൻ വസീമും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് കേസ്. ലിജി അപകടനില തരണം ചെയ്തപ്പോള്‍ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വസിം ഇപ്പോഴും ഗുരുതരാവസ്ഥയിലാണ് ഉള്ളത്.

റിജോഷിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിനിടെ വസീമിന്റെ കുറ്റസമ്മത വീഡിയോ സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. കൃത്യം നടത്തിയത് താനാണെന്നും മറ്റാർക്കും ഇതിൽ പങ്കില്ലെന്നുമായിരുന്നു സന്ദേശം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :