മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊല ചെയ്യപ്പെട്ടത് 4 യുവതികൾ, കാമവെറിയന്മാരുടെ ലോകമോ ഇത്? - എവിടെ നീതി, എവിടെ സുരക്ഷ?

എസ് ഹർഷ| Last Modified വെള്ളി, 29 നവം‌ബര്‍ 2019 (17:53 IST)
കേരളത്തിലെ പെരുമ്പാവൂരിൽ വീണ്ടുമൊരു മരണം നടന്നിരിക്കുന്നു. ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ അന്യസംസ്ഥാന തൊഴിലാളിയുടെ വാർത്ത വന്നിട്ട് 48 മണിക്കൂർ തികഞ്ഞിട്ടില്ല. 2 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത് 4 പെൺകുട്ടികളാണ്.

ആദ്യത്തെ കൊലപാതകം കേരളത്തിലെ പെരുമ്പാവൂരിലാണ്. ജിഷ ക്രൂരമായി കൊല്ലപ്പെട്ട സ്ഥലം, അന്യസംസ്ഥാന തൊഴിലാളികൾ വിഹരിച്ച് നടക്കുന്ന ഇടം. രാത്രിയിൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി കുറുപ്പുംപടി സ്വദേശിനി ദീപയെ ഓഫീസിലേക്ക് വിളിച്ച് വരുത്തി അന്യസംസ്ഥാന തൊഴിലാളിയായ ഉമർ അലി ക്രൂരമായി ആക്രമിച്ച ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പെരുമ്പാവൂരിലെ തന്നെ ഒരു ഹോട്ടലിന് താഴെയാണ് ഇവരെ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് സ്ത്രീയെ വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം പ്രതി 9 തവണ പിക്കാസ്‌കൊണ്ട് തലയ്ക്കടിച്ചു. തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു.

പെരുമ്പാവൂർ നിന്നും അധികം ദൂരമില്ല തമിഴ്നാട്ടിലെ കാഞ്ചിപുരത്തേക്ക്. വെറും 19 വയസുള്ള പെൺകുട്ടിയാണ് ക്രൂര പീഡനത്തിനു ശേഷം കൊല ചെയ്യപ്പെട്ടത്. 19കാരിയായ റോജയെ നവംബർ 21ന് കാണാതാവുകയായിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ 23ന് പൊലീസിൽ പരാതി നൽകി. ഇക്കഴിഞ്ഞ ബുധനാഴ്ച (27ന്‌) സമീപപ്രദേശത്തുള്ള ഒരു പാർക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. 30കാരനായ രാജേഷും സുഹൃത്തുക്കളും ചേർന്ന് റോജയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം പാർക്കിൽ കെട്ടിത്തുക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. റോജയെ അവസാനം കണ്ടത് രാജേഷിനൊപ്പമാണെന്ന മൊഴിയുമുണ്ട്. പൊലീസ് അന്വേഷണം നടത്തിവരികയാണ്.

തെലങ്കാനയിലെ വാറങ്കലിൽ തന്റെ പിറന്നാൾ ആഘോഷിക്കുന്നതിനായി സുഹൃത്തുക്കൾക്കൊപ്പം ഭദ്രകാളി ക്ഷേത്രത്തിൽ പോയ 19കാരിയായ പെൺകുട്ടിയേയും ഇല്ലാതാക്കിയത് കാമവെറിയന്മാരായ സുഹൃത്തുക്കൾ തന്നെയാണ്. ക്ഷേത്ര പരിസരത്തു നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഹൈദരാബാദ് തന്നെയാണ് 4ആമത്തെ കൊലപാതകവും സംഭവിച്ചിരിക്കുന്നത്. പ്രിയങ്ക റെഡ്ഡി എന്ന ഡോക്ടർ ആണ് ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊല ചെയ്യപ്പെട്ടത്. ഷാഡ്നഗറിലെ വീട്ടില്‍ നിന്ന് താന്‍ ജോലി ചെയ്തിരുന്ന കൊല്ലുരു ഗ്രാമത്തിലെ വെറ്റിനറി ആശുപത്രിയിലേക്ക് പോകവെ ഷംഷാബാദില്‍ വെച്ച് പ്രിയങ്ക റെഡ്ഡിയുടെ ഇരുചക്രവാഹനത്തിന്റ ടയര്‍ പഞ്ചറായിരുന്നു. സഹായത്തിനെന്നോണം എത്തിയവർ പ്രിയങ്കയെ റേപ് ചെയ്ത ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.

ഇന്ത്യയെന്ന മഹാരാജ്യത്ത് സ്ത്രീകൾക്ക് സുരക്ഷിതരായി എന്നാണ് ഒന്ന് ഉറങ്ങാനാവുക? ഈ ചോദ്യം ഓരോ ദിനം കഴിയും തോറും ആവർത്തിക്കപ്പെടുകയാണ്. ജസ്റ്റിസ് ഫോർ പ്രിയങ്ക, എന്ന ഹാഷ്ടാഗ് ഇതിനോടകം ട്വിറ്ററിൽ ട്രെൻഡിങ് ആയി കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :