Last Modified തിങ്കള്‍, 24 ജൂണ്‍ 2019 (11:09 IST)
അവസാന പന്ത് വരെ ജയസാധ്യതകള്‍ മാറി മറിഞ്ഞ മത്സരമായിരുന്നു ഇന്ത്യ - അഫ്ഗാനിസ്ഥാൻ കളി. ആര് ജയിക്കുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ലാതിരുന്ന മത്സരത്തിൽ അവസാന ഓവറാണ് ഇന്ത്യയ്ക്ക് ജീവൻ തിരിച്ച് കിട്ടിയത്. അഫ്ഗാനിസ്ഥാനെ 11 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ലോകകപ്പിലെ നാലാം ജയം സ്വന്തമാക്കിയത്.
മുഹമ്മദ് ഷമിയെറിഞ്ഞ 50 ആംഓവറില്‍ ഹാട്രിക്ക് വിക്കറ്റുകള്‍ വീണതാണ് ഇന്ത്യക്ക് ജീവന്‍ നല്‍കിയത്. കളിയിൽ 40 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ഷമി നേടിയത്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരവും ഷമിയായിരുന്നു.
അവസാന ഓവറിനിടെ ഷമിയുടെ അരികിലെത്തി ധോണി സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവത്തതോടെ താരത്തിന്റെ തന്ത്രമാണ് വിജയത്തിന് പിന്നിലെന്ന പ്രചരണം ശക്തമായിരുന്നു. സംഭവത്തിൽ ഷമിയും അക്കാര്യം തുറന്നു സമ്മതിച്ചിരിക്കുകയാണ്.
അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ നേടിയതിനു പിന്നാലെയായിരുന്നു ധോണി ഷമിക്കരികിലേക്ക് എത്തിയത്. മറ്റൊന്നും ആലോചിക്കേണ്ട കാര്യമില്ലെന്നും യോര്‍ക്കര്‍ തന്നെ പരീക്ഷിക്കാനാണ് മഹി ഭായ് നിര്‍ദേശിച്ചതെന്നുമാണ് ഷമി പറയുന്നത്.
തന്റെ മികച്ച പ്രകടനത്തിലൂടെ ലോകകപ്പിൽ ഇന്ത്യക്കായി ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ബൗളറും ലോകകപ്പിൽ ഹാട്രിക് നേടുന്ന ഒമ്പതാമത്തെ താരവുമായി ഷമി മാറി.