സഞ്ജു ഓപ്പണർ? പരിശീലകന്റെ ആവശ്യം, ട്വിസ്റ്റ് സംഭവിക്കുമോ?

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 3 ഡിസം‌ബര്‍ 2019 (11:51 IST)
വെസ്റ്റിൻഡീസിനെതിരായ ട്വിന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു സാംസണുമുണ്ട്. പരിക്കേറ്റ് പുറത്തായ ശിഖർ ധവാന് പകരമാണ് സഞ്ജു ടീമിലെത്തിയിരിക്കുന്നത്. സഞ്ജുവിനെ ഓപ്പണറായി ഇറക്കണമെന്ന് താരത്തിന്റെ ബാല്യകാല പരിശീലകൻ ബിജു ജോർജ്.

‘വിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരം മുതൽ സഞ്ജുവിന് അവസരം നൽകണം. ശിഖർ ധവാനു പകരമാണ് സഞ്ജുവിനെ ടീമിലേക്ക് എടുത്തിരിക്കുന്നത്. അതിനാൽ ഓപ്പണറായി വേണം സഞ്ജുവിനെ ഇറക്കാൻ. ആത്മവിശ്വാസവും ആധിപത്യവുമാണ് അവന്റെ വിജയമന്ത്രമെന്നാണ് ബിജു പറയുന്നത്.

മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും തുടർച്ചയായി അവഗണിക്കപ്പെടുന്ന താരമാണ് സഞ്ജു. സ്ഥിരത പുലർത്തി ബാറ്റ് ചെയ്യൂ എന്നതാണ് സഞ്ജു കേൾക്കുന്ന ഒരു പ്രധാന ഉപദേശം. എന്നാൽ, അങ്ങനെ കളിക്കാൻ ഉദ്ദേശമില്ലെന്നാണ് സഞ്ജു വെളിപ്പെടുത്തുന്നത്.

‘സ്ഥിരതയില്ലാത്തത് ഒരു പ്രശ്നമായി ഞാൻ കാണുന്നില്ല. മറ്റുള്ള ബാറ്റ്സ്മാന്മാരിൽ നിന്നും വ്യത്യസ്തമാണ് എന്റെ ശൈലി. ബൌളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. സ്ഥിരത പുലർത്തി ബാറ്റ് ചെയ്യാൻ ശ്രമിച്ചാൽ എന്റെ ശൈലി മാറും. അവസരം കിട്ടുമ്പോഴെല്ലാം മാക്സിമം ഉപയോഗിക്കണം. കളിക്കാൻ കിട്ടുന്ന ഇന്നിങ്സുകളിൽ പരമാവധി കൂറ്റൻ സ്കോർ കണ്ടെത്തി ടീമിനെ വിജയത്തിലെത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ബാറ്റിങ്ങിലെ സ്ഥിരത ടീമിനെ വിജയിപ്പിക്കില്ല. പക്ഷേ, മികച്ച ഇന്നിങ്സിന് അതിനു കഴിയും’- സഞ്ജു പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :