അഭിറാം മനോഹർ|
Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (10:51 IST)
ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിനൊടുവില്‍ പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ അടുത്ത നീക്കവുമായി ടീം ഇന്ത്യ. ഈ മാസം 28ന് നടക്കുന്ന ഏഷ്യാകപ്പ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ കിരീടം നേടുകയാണെങ്കില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്നും ഇന്ത്യ കിരീടം സ്വീകരിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഹസ്തദാന വിവാദത്തില്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ പിന്‍വലിച്ചില്ലെങ്കില്‍ ഏഷ്യാകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിന് മറുപടിയെന്ന നിലയിലാണ് ചാമ്പ്യന്മാരായാല്‍ എസിസി പ്രസിഡന്റില്‍ നിന്നും ഇന്ത്യ ട്രോഫി സ്വീകരിക്കില്ലെന്ന നിലപാടിലേക്ക് എത്തുന്നത്. ടൂര്‍ണമെന്റില്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന് സാധ്യതയുണ്ട്. സൂപ്പര്‍ ഫോറിലെ മികച്ച 2 ടീമുകളാകും ഫൈനലില്‍ വരിക. അങ്ങനെയെങ്കില്‍ ഇന്ത്യ- പാകിസ്ഥാന്‍ ഫൈനല്‍ മത്സരം നടക്കാനുള്ള സാധ്യതയും തള്ളികളയാനാകില്ല.