ഒമിക്രോണിനെ നിസാരമായി കാണരുത്, പതിയിരിക്കുന്നത് വന്‍ ദുരന്തം; വൈറസ് ബാധിക്കുക ശ്വസനപഥത്തിലെ ആദ്യ ഭാഗത്തെ

രേണുക വേണു| Last Modified ശനി, 8 ജനുവരി 2022 (08:21 IST)

ഒമിക്രോണ്‍ രോഗവ്യാപനം അതിവേഗം തീവ്ര സ്ഥിതിയിലേക്ക് എത്തുമെന്ന് ആരോഗ്യവിദഗ്ധര്‍. നേരിയ രോഗലക്ഷണങ്ങള്‍ ആണെന്നു പറഞ്ഞ് ഒമിക്രോണിനെ നിസാരമായി കണ്ടാല്‍ പതിയിരിക്കുന്നത് വന്‍ ദുരന്തമാണെന്നും മുന്നറിയിപ്പ്. രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നത് ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഒമിക്രോണിന് ആളുകളുടെ പ്രതിരോധശേഷിയെ മുറിച്ചുകടക്കാന്‍ കഴിവുണ്ട്.

ജനുവരി ആദ്യവാരം ഏഴായിരത്തില്‍ താഴെയുണ്ടായിരുന്ന പ്രതിദിന കോവിഡ് ബാധ ഏഴുദിവസംകൊണ്ട് ഒരുലക്ഷം കടന്നത് അതിതീവ്രവ്യാപനമാണ് വ്യക്തമാക്കുന്നതെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രായമായവരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കും.

ശ്വസനപഥത്തിലെ ആദ്യ ഭാഗത്തെയാണ് (ശ്വാസകോശം ഒഴികെയുള്ള ഭാഗം) ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രോഗലക്ഷണങ്ങള്‍ നേരിയതാകാനും രോഗവ്യാപനം അധികമാകാനും ഇതാണു കാരണം. പനി, ശരീരവേദന, തലവേദന, ക്ഷീണം, അതിസാരം തുടങ്ങിയ ലക്ഷണങ്ങളാണ് ഇതുവരെ ഒമിക്രോണ്‍ രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് എയിംസിലെ ട്രോമ സെന്റര്‍ തലവന്‍ അഞ്ജന്‍ ത്രിക പറഞ്ഞു. രോഗിയുടെ പ്രതിരോധശേഷി അനുസരിച്ച് 72 മണിക്കൂര്‍ മുതല്‍ 14 ദിവസംവരെ രോഗബാധ നീളാം. രോഗബാധിതരില്‍ 90 ശതമാനവും രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചവരായതാണ് രോഗതീവ്രത കുറയാന്‍ കാരണമായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :