ഒമിക്രോൺ: ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രികർക്ക് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 1 ഡിസം‌ബര്‍ 2021 (12:38 IST)
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗനിർദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചത്.

വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവർ യാത്രപുറപ്പെടുന്നതിന് 14 ദിവസം മുമ്പുവരെ നടത്തിയ സഞ്ചാരത്തിന്റെ ചരിത്രം വ്യക്തമാക്കണം. എയർ സുവിധ പോർട്ടലിൽ കയറി സാക്ഷ്യപത്രം നൽകുകയാണ് വേണ്ടത്. കൂടാതെ യാത്രയ്ക്ക് 72 മണികൂറിനുള്ളിൽ നടത്തിയ ആർടി‌പി‌സിആർ പരിശോധന നെഗറ്റീവായ രേഖകളും പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.

അറ്റ് റിസ്‌ക് എന്ന വിഭാഗത്തിൽ വരുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് പരിശോധനയും പ്രത്യേക നിരീക്ഷണവുമുണ്ട്. ഇന്ത്യയില്‍ വിമാനമിറങ്ങിയശേഷം ഇവര്‍ കോവിഡ് പരിശോധനയ്ക്കു വിധേയരാകണം. ഇതിന്റെ ഫലം വരുന്ന വരെ ഇവർ വിമാനത്താവളം വിടാൻ പാടില്ല.

പരിശോധനാഫലം പോസിറ്റീവാണെങ്കില്‍ ആശുപത്രികളിലേക്ക് മാറ്റും. ഇവരുടെ സാമ്പിളുകള്‍ ജീനോം സിക്വന്‍സിങ്ങിനായി അയക്കും.നെഗറ്റീവാണെങ്കില്‍ ഏഴുദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം. എട്ടാംദിവസം വീണ്ടും കോവിഡ് പരിശോധിക്കണം. അതും നെഗറ്റീവാണെങ്കില്‍ വീണ്ടും ഏഴുദിവസംകൂടി നിരീക്ഷണത്തിൽ കഴിയണം. അറ്റ് റിസ്‌ക് വിഭാഗത്തിലല്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസം വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍മതി.

യൂറോപ്യന്‍ യൂണിയന്‍, ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബ്രസീല്‍,
ചൈന, മൗറീഷ്യസ്, ന്യൂസീലന്‍ഡ്, സിംബാംബ്വെ, സിങ്കപ്പൂര്‍, ഇസ്രയേല്‍, ഇംഗ്ലണ്ട് തുടങ്ങിയ ഭാഗങ്ങളിൽ നിന്നും വരുന്നവരാണ് അറ്റ് റി‌സ്‌ക് പട്ടികയിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :