നിലവിൽ ലോക്ക്‌ഡൗൺ ആവശ്യമില്ല, ഒമിക്രോണിൽ പരിഭ്രാന്തി വേണ്ടെന്ന് ജോ ബൈഡൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 30 നവം‌ബര്‍ 2021 (13:36 IST)
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആശങ്കയ്ക്കുള്ള കാരണമാണെങ്കിലും പരിഭ്രാന്തരാകേണ്ടെന്ന് ‌യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ആളുകൾ വാക്‌സിൻ എടുക്കുകയും മാസ്‌ക് ധരിക്കുകയുമാണെങ്കിൽ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം വടക്കേ അമേരിക്കയിലും സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ബൈഡന്റെ പ്രതികരണം. ഇതിനിടെ യുഎസിന്റെ അയല്‍രാജ്യമായ കാനഡയില്‍ രണ്ടു പേരില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയ്ക്കും മറ്റ് ഏഴ് രാജ്യങ്ങള്‍ക്കും യുഎസ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ആളുകൾക്ക് വാക്‌സിനേഷനുള്ള സമയം അനുവദിക്കുകയാണ് യാത്രാ നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബൈഡൻ പറഞ്ഞു.

ഒമിക്രോണ്‍ ആശങ്കകള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ യുഎസിലും യുകെയിലും 18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ വര്‍ധിപ്പിക്കാനുള്ള നടപടികൾ തുടങ്ങി. അതേസമയം ഒമിക്രോണുമായി
ബന്ധപ്പെട്ട മരണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :