ശ്രീനു എസ്|
Last Modified വെള്ളി, 18 ഡിസംബര്‍ 2020 (06:56 IST)
തിരുവനന്തപുരം: കോവിഡ് വാക്സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്ട്രേഷന്‍ അന്തിമഘട്ടത്തിലായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സര്‍ക്കാര്‍ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലേയും (4064) സ്വകാര്യ മേഖലയിലെ 81 ശതമാനം സ്ഥാപനങ്ങളിലേയും 4557 ജീവനക്കാരുടെ ജില്ലാതല രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും എത്രയും വേഗം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുമാണ് വാക്സിന്‍ ലഭ്യമാക്കുക. മോഡേണ്‍ മെഡിസിന്‍, ആയുഷ്, ഹോമിയോ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലേയും സ്ഥിരവും താത്ക്കാലികവുമായി നിലവില്‍ ജോലി ചെയ്യുന്ന എല്ലാവരേയും ഉള്‍ക്കൊള്ളിക്കുന്നതാണ്. 27,000ത്തോളം ആശ വര്‍ക്കര്‍മാരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍, ദന്തല്‍, നഴ്സിംഗ്, പാരാമെഡിക്കല്‍ തുടങ്ങിയ എല്ലാ ആരോഗ്യ വിഭാഗം വിദ്യാര്‍ത്ഥികളേയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.