അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 ഫെബ്രുവരി 2026 (14:01 IST)
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ധനുഷ്- മൃണാള്‍ താക്കൂര്‍ വിവാഹവാര്‍ത്തകളോട് പ്രതികരണവുമായി മൃണാള്‍ താക്കൂര്‍. വാലന്റൈന്‍സ് ഡേയില്‍ ഇരുവരും വിവാഹിതരാകുന്നുവെന്ന തരത്തില്‍ പ്രമുഖ പത്രങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളെ താരം പൂര്‍ണ്ണമായി നിഷേധിച്ചു.
ധനുഷ് തനിക്ക് സഹോദരനെ പോലെയാണെന്നും തങ്ങള്‍ക്കിടയിലുള്ളത് പ്രഫഷണല്‍ ബന്ധം മാത്രമാണെന്നും താരത്തിന്റെ ഔദ്യോഗിക ഫാന്‍ പേജ് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. തന്റെ അദ്ധ്വാനത്തെ ഗോസിപ്പ് കോളങ്ങളിലേക്ക് ചുരുക്കരുതെന്നും കുറിപ്പില്‍ മൃണാള്‍ അഭ്യര്‍ഥിച്ചു. എന്റെ ജോലിയിലൂടെ അറിയപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഗോസിപ്പുകളിലൂടെയല്ല. കഴിഞ്ഞ ദിവസങ്ങളിലായി ഓണ്‍ലൈനില്‍ ഒരു വിവാഹവാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഒരു സത്യം വ്യക്തമാക്കട്ടെ. ധനുഷ് എനിക്ക് സഹോദരനെ പോലെയാണ്. ഞങ്ങള്‍ക്കിടയിലുള്ളത് പ്രഫഷണല്‍ ബന്ധവും ബഹുമാനവും മാത്രമാണ്. ഒരു സ്ത്രീയുടെ കഠിനാധ്വാനത്തെ അംഗീകരിക്കുന്നതിന് പകരം അവളുടെ സ്വകാര്യജീവിതത്തെ പറ്റി കഥകള്‍ മെനയാന്‍ ആളുകള്‍ക്കുള്ള ആവേശം എന്നെ അത്ഭുതപ്പെടുത്തുന്നു.
എന്തെങ്കിലും മറയ്ക്കാനുള്ളത് കൊണ്ടല്ല നിശബ്ദത പാലിക്കുന്നത്. എന്റെ സ്വകാര്യജീവിതത്തിന് പൊതുസമൂഹത്തിന്റെ അംഗീകാരം ആവശ്യമില്ലെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ്. നിരവധി റിജക്ഷന്‍സ്, ഓഡിഷന്‍സ്, ഉറക്കമില്ലാത്ത രാത്രികള്‍, തളരാത്ത ആത്മവിശ്വാസം എന്നിവകൊണ്ടാണ് ഈ നിലയിലെത്തിയത്. ആ യാത്രയെ ഗോസിപ്പ് കോളങ്ങളിലേക്ക് ചുരുക്കുന്നത് ശരിയല്ല. സോഷ്യല്‍ മീഡിയ എല്ലാവര്‍ക്കും ശബ്ദം നല്‍കുന്നു. എന്നാല്‍ അത് വലിയ ഒരു ഉത്തരവാദിത്തം കൂടി ആവശ്യപ്പെടുന്നുണ്ട്. പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ല. മൃണാള്‍ താക്കൂര്‍ വ്യക്തമാക്കി.