രേണുക വേണു|
Last Modified വെള്ളി, 12 ഡിസംബര്‍ 2025 (18:50 IST)
75ാം പിറന്നാളാഘോഷിക്കുന്ന തലൈവര്‍ രജനികാന്തിന് രാജ്യമെമ്പാടുമുള്ള ആരാധകരും സിനിമാ ലോകവും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പേരാണ് ആശംസകളുമായി രം?ഗത്തെത്തുന്നത്. നടനും രജനികാന്തിന്റെ മുന്‍ മരുമകനുമായ ധനുഷിന്റെ പിറന്നാളാശംസകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. 'Happy birthday, thalaiva' എന്ന് കുറിച്ചുകൊണ്ടുള്ള ധനുഷിന്റെ ഹൃദയസ്പര്‍ശിയായ പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
രജനികാന്തിന്റെ മകള്‍ ഐശ്വര്യയുമായി 2024-ല്‍ വേര്‍പിരിഞ്ഞതിന് ശേഷവും, ധനുഷും ഐശ്വര്യയും തമ്മില്‍ പരസ്പര ബഹുമാനത്തോടെയുള്ള ബന്ധം പുലര്‍ത്തിയിരുന്നു. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മിലുമുള്ള ആദരവും സ്‌നേഹവും വ്യക്തമാണ്. രജനികാന്ത് എന്ന നടനോടുള്ള ആരാധനയും ബഹുമാനവും ധനുഷ് മുന്‍പും പ്രകടമാക്കിയിട്ടുണ്ട്. 2024ല്‍ ഐശ്വര്യയുമായുള്ള ബന്ധം വേര്‍പിരിയുമ്പോഴും രണ്ട് വ്യക്തികളെന്ന നിലയിലെടുക്കുന്ന തീരുമാനമെന്നതിനെ ഊന്നിയായിരുന്നു ധനുഷിന്റെ പ്രസ്താവന.
'സുഹൃത്തുക്കളായും, ദമ്പതികളായും, രക്ഷകര്‍ത്താക്കളായും, പരസ്പരം അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള യാത്രയായിരുന്നു,' എന്ന് പറഞ്ഞുകൊണ്ടുള്ള സംയുക്ത കുറിപ്പിലൂടെയായിരുന്നു ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. ഈ വേര്‍പിരിയലിന് ശേഷവും രജനികാന്തുമായി ധനുഷ് സൗഹൃദപരമായ ബന്ധം തുടരുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് പുതിയ ജന്മദിനാശംസ. വ്യക്തിപരമായ ജീവിതത്തില്‍ വ്യത്യസ്ത വഴികള്‍ തിരഞ്ഞെടുത്തിട്ടും, പരസ്പരം നിലനിര്‍ത്തുന്ന ഈ ബഹുമാനത്തെയും സൗഹൃദത്തെയും ആരാധകരും ഏറെ സ്‌നേഹത്തോടെ ഏറ്റെടുക്കുന്നുണ്ട്.