‘പേട്രിയറ്റ്’ റിലീസ് മാറ്റി; മമ്മൂട്ടി–മോഹൻലാൽ ചിത്രം ഇനി ഏപ്രിൽ 23ന് എത്തില്ല
ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റോ ജോസഫ് സോഷ്യല്‍ മീഡിയയിലൂടെയാണ് റിലീസ് മാറ്റിയ വിവരം അറിയിച്ചത്.
മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമായ പേട്രിയറ്റിന്റെ റിലീസ് മാറ്റിവെച്ചു. നിര്‍മാതാക്കള്‍ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ഏപ്രില്‍ 23നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്.
ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റോ ജോസഫ് സോഷ്യല്‍ മീഡിയയിലൂടെയാണ് റിലീസ് മാറ്റിയ വിവരം അറിയിച്ചത്. അനിവാര്യമായ സാഹചര്യങ്ങള്‍ മൂലമാണ് ഈ തീരുമാനം എടുക്കേണ്ടിവന്നതെന്നും, ചിത്രം മികച്ച നിലവാരത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ അധിക സമയം ആവശ്യമായി വന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തിന്റെ പുതിയ റിലീസ് തീയതി വൈകീട്ട് 6 മണിയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിടുമെന്നും നിര്‍മ്മാതാവ് അറിയിച്ചു. മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് പുറമെ ഫഹദ് ഫാസില്‍,കുഞ്ചാക്കോ ബോബന്‍, നയന്‍താര, ഗ്രേസ് ആന്റണി, ദര്‍ശന തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
