രേണുക വേണു|
Last Modified ചൊവ്വ, 23 ഡിസംബര്‍ 2025 (09:31 IST)
സ്റ്റേജ്ഷോകളിലൂടേയും തമാശകളിലൂടേയും മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് രമേശ് പിഷാരടി. അവതാരകനായും ജഡ്ജ് ആയും നടനായുമെല്ലാം എത്തുന്ന പിഷാരടി സമൂഹമാധ്യമങ്ങളിലും ഏറെ ശ്രദ്ധേയനാണ്. പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് നൽകുന്ന രസകരമായ ക്യാപ്ഷനുകൾ തന്നെയാണ് ഇതിന് കാരണം. കഴിഞ്ഞ ദിവസം മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ 'പാട്രിയറ്റി'ൻ്റെ സെറ്റിൽ മമ്മൂട്ടിയെ കാണാനെത്തിയതിനെ കുറിച്ചാണ് പുതിയ പോസ്റ്റ്. സുഹൃത്തിൻ്റെ മകന് മമ്മൂട്ടിയെ കാണണം എന്ന ആഗ്രഹം ഉന്നയിച്ചതോടെയാണ് സെറ്റിലേക്കുള്ള യാത്ര പുറപ്പെടുന്നത്.
കോസ്റ്റ്യൂമിലോ ഷൂട്ടിലോ ആണെങ്കിൽ അദ്ദേഹത്തെ കാണാനുള്ള സാധ്യത കുറവായിരിക്കുമെന്ന ബോധ്യമുണ്ടെങ്കിലും എങ്ങാനും ബിരിയാണി കിട്ടിയാലോ എന്നോർത്താണ് പോയതെന്നും പിഷാരടി കൂട്ടിച്ചേർക്കുന്നുണ്ട്. തന്നെ കാണാനെത്തിയ കുട്ടിയ്ക്ക് സ്നേഹത്തോടെ ബിരിയാണി വിളമ്പി നൽകുന്ന മമ്മൂട്ടിയുടെ ചിത്രവും രമേശ് പിഷാരടി പങ്കുവെച്ചിട്ടുണ്ട്.
“ചിലപ്പൊ ബിരിയാണി കിട്ടിയാലോ! സുഹൃത്തും സാരഥിയുമായ സിത്തുവിന്റെ മകന് മമ്മുക്കയെ കാണണം. പാട്രിയോട്ട് പോലെ വലിയ ഒരു ലൊക്കേഷൻ.. കോസ്റ്റ്യുമിലോ, ഗെറ്റപ്പിലോ ഒക്കെയാണെങ്കിൽ അത് സാധിക്കുക എളുപ്പമല്ല..
'എന്നാലും വാ ചിലപ്പോ ബിരിയാണി കിട്ടിയാലോ!'.. എന്റെ ആ ഡയലോഗ് അറംപറ്റി, ബിരിയാണി കിട്ടി“ - എന്നായിരുന്നു പിഷാരടിയുടെ രസകരമായ കുറിപ്പ്.
അതേസമയം സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്ന പാട്രിയറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ. ആക്ഷൻ മൂഡിലൊരുങ്ങുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ അടക്കമുള്ള വലിയ താരനിരയുമുണ്ട്. മലയാളം ഇന്നേവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ചിത്രമായിരിക്കും പാട്രിയറ്റ് എന്നാണ് റിപ്പോർട്ടുകൾ.
അടുത്തിടെയിറങ്ങിയ ചിത്രത്തിൻ്റെ ടീസറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സുഷിൻ ശ്യാമാണ് ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ.സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം.