1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Hesham Abdul Wahab Debuted in Bollywood

വഴി തുറന്നത് ഹൃദയം, ബോളിവുഡിലും തിളങ്ങാനൊരുങ്ങി ഹിഷാം അബ്ദുൾ വഹാബ്

Hesham Abdul wahab, Bollywood Debut, Music Director,ഹിഷാം അബ്ദുൾ വഹാബ്, ബോളിവുഡ്, സംഗീത സംവിധാനം
മലയാളത്തിൽ 'ഹൃദയം' പോലുള്ള ട്രെൻഡ് സെറ്റർ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി ദേശീയ ശ്രദ്ധ നേടിയ ഹിഷാം അബ്ദുൾ വഹാബ്  ബോളിവുഡിലേക്ക്. ബോളിവുഡിലെ ഇതിഹാസ സംവിധായകനായ സഞ്ജയ് ലീല ബൻസാലി നിർമിക്കുന്ന 'ദോ ദീവാനെ സെഹർ മേം' എന്ന ചിത്രത്തിലൂടെയാണ് മലയാളി സംഗീത സംവിധായകൻ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
 
രവി ഉദ്യാവർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ബോളിവുഡിലെ പ്രശസ്ത സംഗീത ജോഡിയായ സച്ചിൻ-ജിഗർ ടീമിനൊപ്പം ചേർന്നാണ് ഹിഷാം സംഗീതമൊരുക്കിയത്. സിദ്ധാന്ത് ചതുർവേദി, മൃണാൾ താക്കൂർ എന്നിവർ പ്രധാന വേഷങ്ങളിൽ വരുന്ന ഈ ചിത്രം ഫെബ്രുവരി 20ന് ആഗോള റിലീസിന് എത്തും. 23 വർഷങ്ങൾക്ക് മുമ്പ് വി കെ പ്രകാശ് ഒരുക്കിയ 'ഫ്രീക്കി ചക്ര' എന്ന ചിത്രത്തിലൂടെ ഹിന്ദിയിൽ സംഗീതമൊരുക്കിയ ഔസേപ്പച്ചന് ശേഷം, ആദ്യമായാണ് ഒരു മലയാളി സംഗീത സംവിധായകൻ ബോളിവുഡിൽ തിയേറ്റർ റിലീസിനെത്തുന്ന ചിത്രത്തിന് ഗാനം ഒരുക്കുന്നത്. ഒരു ഹിന്ദി സംവിധായകനുവേണ്ടി ഈ നേട്ടം കൈവരിക്കുന്നു എന്നതും മലയാളികൾക്ക് ഏറെ അഭിമാനം പകരുന്ന വസ്തുതയാണ്.
 
ചിത്രത്തിൽ ഹിഷാം സംഗീതമൊരുക്കിയ ഗാനം 'ആസ്മാ ആസ്മാ' ആലപിച്ചത് ബോളിവുഡിലെ പ്രമുഖ ഗായകരായ ജുബിൻ നൗട്ടിയാലും നീതി മോഹനും ചേർന്നാണ്. 'ഗംഗുബായ് കത്തിയാവാദി' ഉൾപ്പെടെയുള്ള ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ച അഭിരുചിയാണ് ഈ ഗാനത്തിനും വരികൾ രചിച്ചത്. മലയാളത്തിൽ 'ഹൃദയം' എന്ന ചിത്രത്തിലെ ട്രെൻഡ് സെറ്റർ ഗാനങ്ങളിലൂടെ ജനപ്രീതി നേടിയ ഹിഷാം, തെലുങ്കിലും തമിഴിലും  ഒരുക്കിയ ഗാനങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസ്നി പ്ലസ് ഹോട്‌സ്റ്റാറിലെ 'കേരള ക്രൈം ഫയൽസ്' വെബ് സീരീസിനുവേണ്ടി ഒരുക്കിയ പശ്ചാത്തല സംഗീതവും ഹിഷാമിന് വലിയ പ്രശംസ നേടിക്കൊടുത്തു.ഗോൾഡൻ സ്റ്റാർ ഗണേഷ് നായകനായ ചിത്രത്തിന് സംഗീതമൊരുക്കി കന്നഡയിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഹിഷാം.
 
സീ സ്റ്റുഡിയോസ്, റാൻകോർപ് മീഡിയ, ബൻസാലി പ്രൊഡക്ഷൻസ്, രവി ഉദ്യാവർ ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ച് അവതരിപ്പിക്കുന്ന 'ദോ ദീവാനെ സെഹർ മേം' എന്ന ചിത്രത്തിന്റെ ടീസർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.നിരൂപക പ്രശംസ നേടിയ 'മോം' എന്ന ചിത്രത്തിന് ശേഷം രവി ഉദ്യാവർ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
 
അടുത്ത ലേഖനം
'പ്രിയം' സിനിമയിലെ നടി ഇവിടെയുണ്ട് എന്തുകൊണ്ട് പിന്നെ അഭിനയിച്ചില്ല? ദീപ നായർ പറയുന്നു