അഭിറാം മനോഹർ|
Last Modified തിങ്കള്‍, 5 ജനുവരി 2026 (17:37 IST)
ലോകയുടെ ചരിത്രവിജയത്തിന് പിന്നാലെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കല്യാണി പ്രിയദര്‍ശന്‍. കേരളത്തിന് പുറത്തും സിനിമ ചര്‍ച്ചയായതോടെയാണ് കല്യാണിക്ക് മുന്നില്‍ ബോളിവുഡില്‍ അവസരങ്ങള്‍ തുറന്നത്. ഈയടുത്ത് ഡിവൈനിനൊപ്പമുള്ള സംഗീത വീഡിയോയും ഹിന്ദിയില്‍ കല്യാണി ചെയ്തിരുന്നു. ധുരന്ധര്‍ എന്ന വമ്പന്‍ വിജയത്തിന് ശേഷം രണ്‍വീര്‍ സിങ് ചെയ്യുന്ന സിനിമയിലാണ് കല്യാണി നായികയാവുന്നത്.
ജയ് മേഹ്ത സംവിധാനം ചെയ്യുന്ന സിനിമ ഒരു സോമ്പി ത്രില്ലറാകുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും. ഹന്‍സല്‍ മേഹ്തയും രണ്‍വീര്‍ സിങ്ങും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുക. സമീര്‍ നായരും നിര്‍മാണത്തില്‍ പങ്കാളിയാവും.
2025ലെ ബോളിവുഡിലെ ഏറ്റവും വമ്പന്‍ വിജയം നേടിയ സിനിമയിലെ നായകനെന്ന തിളക്കത്തിലാണ് രണ്‍വീര്‍. അതേസമയം മലയാളത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയം നേടിയ സിനിമയായിരുന്നു ലോക. സിനിമയിലെ കല്യാണിയുടെ ആക്ഷന്‍ രംഗങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.