'ധനുഷ് ഉണ്ടായിട്ടും സീൻ തൂക്കിയത് മമ്മൂട്ടി'; 'ഓംഃ' ട്രെയ്‌ലർ ചുമ്മാ തീ !
Mammootty - Dhanush OM Movie
സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി 'ഓംഃ - ചാപ്റ്റർ 1 രുധിരം' ട്രെയ്‌ലർ. ധനുഷിനൊപ്പം മമ്മൂട്ടിയെ സുപ്രധാന വേഷത്തിൽ അവതരിപ്പിക്കുന്നതാണ് ട്രെയ്‌ലർ. സായ് പല്ലവി നായിക കഥാപാത്രമായും എത്തുന്നു.
ട്രെയ്‌ലറിൽ ധനുഷിന് ലഭിക്കുന്ന അതേ ഹൈപ്പും പ്രധാന്യവും മമ്മൂട്ടി കഥാപാത്രത്തിനു ലഭിക്കുന്നുണ്ട്. മാസ രംഗങ്ങളിൽ മമ്മൂട്ടി കസറുമെന്നാണ് ട്രെയ്‌ലർ കണ്ട ആരാധകർ പറയുന്നത്. മമ്മൂട്ടി-ധനുഷ് കോംബിനേഷൻ സീനുകൾ തന്നെയായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്.
രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത 'ഓംഃ' നവംബർ 20 നാണ് തിയറ്ററുകളിലെത്തുക. കേരളത്തിൽ രാവിലെ ആറിന് ഫാൻസ് ഷോ നടക്കും. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഒരു മമ്മൂട്ടി ചിത്രം പുലർച്ചെ ഫാൻസ് ഷോ സംഘടിപ്പിക്കുന്നത്.
ധനുഷിനൊപ്പം മമ്മൂട്ടിയെത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ വാനോളമാണ്. സമീപകാലത്ത് മമ്മൂട്ടി ചെയ്ത വില്ലൻ വേഷങ്ങളെല്ലാം മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിലും ആ പരീക്ഷണം തുടരാനാണ് മമ്മൂട്ടിയുടെ തീരുമാനം. ബർമ കാർത്തികേയൻ എന്ന കഥാപാത്രത്തെയാണ് ഓമിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. കുപ്രസിദ്ധ ചന്ദനക്കടത്ത് സംഘത്തിന്റെ തലവനായാണ് മമ്മൂട്ടി വേഷമിടുന്നത്. മമ്മൂട്ടിയുടെ ആദ്യ 100 കോടി പിറക്കുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നു.
മമ്മൂട്ടിയുടേത് സുപ്രധാന കാമിയോ വേഷമായിരിക്കുമെന്നാണ് പ്രൊജക്ട് അനൗൺസ് ചെയ്ത സമയത്ത് കേട്ടിരുന്നത്. എന്നാൽ അങ്ങനെയല്ലെന്ന് സാക്ഷാൽ ധനുഷ് തന്നെ പറയുന്നു. ഇത് കേവലം മൾട്ടിസ്റ്റാർ പടമല്ല, മറിച്ച് മൾട്ടി ഹീറോ ചിത്രമെന്നാണ് ധനുഷ് 'ഓം' പ്രചാരണ പരിപാടിക്കിടെ പറഞ്ഞത്.
45 ദിവസത്തെ ഷൂട്ടിങ് മതിയെന്നാണ് സംവിധായകൻ രാജ്കുമാർ പെരിയസാമി ആദ്യം മമ്മൂട്ടിയെ അറിയിച്ചിരുന്നത്. പിന്നീട് അത് ഏതാണ്ട് ആറ് മാസത്തോളമായി നീണ്ടെന്ന് മമ്മൂട്ടി പറയുന്നു. മമ്മൂട്ടി വില്ലനായെത്തുമ്പോൾ നായകൻ ധനുഷ് തന്നെ ആയിരിക്കുമല്ലോ? എന്നാൽ ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകളിലെല്ലാം മമ്മൂട്ടി തലവനായ സംഘത്തിലെ സുപ്രധാന അംഗമായാണ് ധനുഷിനെ കാണിച്ചിരിക്കുന്നത്. ഇത് തന്നെയാണ് 'ഓം ചാപ്റ്റർ 1' കാത്തിരിക്കാനുള്ള ആരാധകരുടെ പ്രധാന കാരണവും.
ഓം സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സിനോപ്‌സിസിൽ ധനുഷിന്റെ കഥാപാത്രം അണ്ടർ കവർ ഏജന്റ് (സ്‌പൈ) ആണെന്ന് പറയുന്നു. മമ്മൂട്ടിയുടെ ചന്ദനക്കടത്ത് പിടികൂടാൻ ആ സംഘത്തിനൊപ്പം നിന്നുകൊണ്ട് നീക്കങ്ങൾ നടത്തുന്നതാണെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഈ രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള കോൺഫ്‌ളിക്ട് ആയിരിക്കും രണ്ടാം ഭാഗത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. Also Read: എന്തുകൊണ്ട് നമ്മൾ തോറ്റു?, കാരണം പിച്ചെന്ന് ശ്രേയസ് അയ്യർ
