ഡോക്‍ടര്‍ പുനത്തിലിന്‍റെ ഓര്‍മ്മകള്‍...

ശ്രീഹരി പുറനാട്ടുകര

WEBDUNIA|
ഏത് രോഗത്തെയും ചെറുക്കുവാന്‍ വേണ്ടത് ആത്മവിശ്വാസമാണെന്നതിന് പുനത്തില്‍ ഓര്‍മ്മക്കുറിപ്പുകളില്‍ ഉദാഹരണങ്ങള്‍ നല്‍കുന്നു. ആത്മവിശ്വാസം താഴെ വീഴാതെ സൂക്ഷിച്ചതു മൂലമാണ് നല്ല നെഞ്ചുവേദന തോന്നിയിട്ടും അദ്ദേഹത്തിന് കോട്ടയം യാത്ര പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞത്.

ഡോക്‍ടര്‍ പഠനത്തിന്‍റെ ഭാഗമായി ശവം കീറിമുറിക്കുന്ന കുട്ടി ഡോക്‍ടമാരെ മറ്റ് വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അല്‍പ്പം ബഹുമാനത്തോടെയാണ് നോക്കുന്നത്. ജീവിച്ച് കൊതി തീര്‍ന്നിട്ടില്ലാത്തവരോ, ജീവിതം മടുത്ത് അവസാനിപ്പിച്ചവരോ ആയിരിക്കും ശവമായിട്ട് കീറിമുറിക്കല്‍ കാത്തു കിടക്കുന്നുണ്ടാകുക.

‘കീറരുതേ മുറിക്കരുതേ‘എന്ന തലക്കെട്ടിലെ അവസാന ഭാഗത്ത് പുനത്തില്‍ എഴുതിയിരിക്കുന്നു:‘പത്തു പതിനെട്ട് വയസ്സു തോന്നിക്കുന്ന സുന്ദരി. സംശയാസ്‌പദമായ മരണം. ഒരു പുഞ്ചിരി അപ്പോഴും അവളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്നുണ്ട്.

സര്‍ജന്‍ കത്തിയെടുക്കുമ്പോള്‍ അവള്‍ കേണപേക്ഷിക്കുന്നതു പോലെ തോന്നി.എന്നെ കീറരുതേ, മുറിക്കരുതേ’.മലയാള സിനിമയായ ‘ശീലാബതി‘യുടെ അവസാന ഭാഗത്ത് കഥാനായികയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടം മേശയിലെത്തുന്നു.

നായകനായ ഡോക്‍ടര്‍ നായികയുടെ മുഖത്തേക്ക് നോക്കുമ്പോള്‍ അവളുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഉരുണ്ടു വീഴുന്നു. പുനത്തിലിന്‍റെ ഓര്‍മ്മകള്‍ നമ്മുടെ മനസ്സിനെ ഉഴുതു മറിച്ച് ഭൂതകാലത്തിലേക്കും വര്‍ത്തമാന കാലത്തിലേക്കു യാത്രകൊണ്ടു പോകുന്നു.

നല്ല ഹാസ്യത്തിലൂടെ ചിന്തിപ്പിക്കുവാന്‍ ഈ ഓര്‍മ്മക്കുറിപ്പുകളിലൂടെ ഈ അപ്പോത്തിക്കിരിക്ക് കഴിഞ്ഞിരിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :