ഭാസ്കര കിരണങ്ങള്‍ : തിരിച്ചറിയേണ്ട വ്യത്യസ്തമായ ഒരു പുസ്തകം

പീസിയന്‍

book cover bhaskara kiranangngal
WDWD
ജയരാജന്‍ ജി വലിയശാല എന്ന പ്രസിദ്ധ ഫോട്ടോഗ്രാഫര്‍ എഴുതിയ ഭാസ്കര കിരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ നാം തിരിച്ചറിയേണ്ട വ്യത്യസ്തമായൊരു പുസ്തകമാണ്.

ഫോട്ടോ ഗ്രാഫര്‍ എഴുതിയ ഫോട്ടോഗ്രാഫിയെ കുറിച്ചല്ലാത്ത ഒരു പുസ്തകം, അതിനുമപ്പുറം പി.ഭാസ്കരന്‍ എന്ന കൃതഹസ്തനായ കവിയേയും ഗാനരചയിതാവിനെയും കുറിച്ചുള്ള പുസ്തകം എന്നിങ്ങനെയുള്ള വ്യത്യസ്തതകള്‍ ഈ പുസ്തകത്തിനുണ്ട്.

രചനയ്ക്ക് സ്വീകരിച്ചിരിക്കുന്ന ശൈലിയാണ് മറ്റ് പുസ്തകങ്ങളില്‍ നിന്നും അതിനെ വ്യത്യസ്തമാക്കുന്നത്. ഒരു വിഷയത്തില്‍ തുടങ്ങി അതിനോട് ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലേക്കും സംഭവങ്ങളിലേക്കും സൂചനകളിലേക്കും ശാസ്ത്രവിഷയങ്ങളിലേക്കും കൌതുകങ്ങളിലേക്കും ഒക്കെ കടന്നു ചെല്ലുകയും പിന്നീട് തിരിച്ചുവരികയും ചെയ്യുന്ന രീതിയാണ് എഴുത്തുകാരന്‍ എന്ന് പേരെടുക്കാത്ത ജയരാജന്‍ സ്വീകരിച്ചിരിക്കുന്നത്.

പി.ഭാസ്കരന്‍റെ ചലച്ചിത്ര ഗാനങ്ങളേയും ജീവിതത്തെയും കുറിച്ചുള്ള ഈ പുസ്തകത്തില്‍ ഒട്ടേറെ വിലപ്പെട്ട വിവരങ്ങളുണ്ട്. ചില പ്രധാന ഗാന രചനയ്ക്ക് കാരണമായ സംഭവങ്ങള്‍, അത് എഴുതിയ സന്ദര്‍ഭം, സാഹചര്യം, സ്ഥലം, അതിനു പങ്കാളികളോ നിമിത്തമോ ആയ ആളുകള്‍ എന്നിങ്ങനെ പല കാര്യങ്ങളെ കുറിച്ചും അധികം പേര്‍ക്കറിയാത്ത ഒട്ടേറേ വിവരങ്ങള്‍ ആനുഷംഗികമായി സൂചിപ്പിച്ചുപോന്നുണ്ട് ഗ്രന്ഥകര്‍ത്താവ്.

ഉദാഹരണത്തിന്, പി.ഭാസ്കരന്‍റെ നീലക്കുയില്‍ എന്ന സിനിമയെ കുറിച്ച് പറയുന്നിടത്ത് നീലക്കുയില്‍ എന്താണെന്നും അതിന്‍റെ ജീവശാസ്ത്രപരമായ വിശദാംശങ്ങളെ കുറിച്ചും കരിം‌കുയില്‍, ചെമ്പോത്ത്, കൊമ്പന്‍ വാനം‌പാടി തുടങ്ങി കുയില്‍ വംശത്തില്‍ പെട്ട കിളികളെ കുറിച്ചും ജയരാജന്‍ പറഞ്ഞുപോകുന്നു. അതില്‍ നിന്നും ഇന്ത്യയുടെ വാനമ്പാടിയായ ലതാമങ്കേഷ്കറെ കുറിച്ചു പറയുന്നു.

ഇത് പരിചിതമല്ലാത്ത ഒരു രചനാ ശൈലി ആയതുകൊണ്ട് ഗ്രന്ഥരചനാ പടുക്കള്‍ക്ക് അരോചകമായി തോന്നാമെങ്കിലും കാര്യങ്ങളെ കുറിച്ച് അറിയാന്‍ ആഗ്രഹമുള്ള ആര്‍ക്കും രസകരമായി അനുഭവപ്പെടും.

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :