'പാറ്റ'കളെ പരിഹസിച്ച് കോൺഗ്രസ് എംഎൽഎ വി.ടി ബൽറാം
VT Balram
കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ കോൺഗ്രസ് തിരിയുന്നു. ഈയാംപാറ്റകൾ എന്നാണ് കോൺഗ്രസ് എംഎൽഎ വി.ടി ബൽറാം കോക്രോച്ച് ജനതാ പാർട്ടിയെ വിശേഷിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ബൽറാമിന്റെ പരിഹാസം.
കേരളത്തിൽ പിണറായി സർക്കാരിനെ അടക്കം താഴെയിറക്കിയത് എസ്.ഐ.ആറിലൂടെയാണെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ പറഞ്ഞിരുന്നു. ഇതിനെ ട്രോളി ബൽറാം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് 'ഈയാംപാറ്റകൾ' എന്ന വിശേഷണം.
ബൽറാമിന്റെ പോസ്റ്റ്
ഓവറാക്കി ചളമാക്കരുത് എന്ന് ഈ ടൈപ്പ് ഈയാംപാറ്റകളോട് പറയേണ്ടി വരുന്നത് ഇതൊക്കെ കാണുമ്പോഴാണ്. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ അടപടലം തോറ്റതെങ്ങനെയാണെന്ന് പിണറായി വിജയന്റെ സ്വന്തം പാർട്ടി ബ്രാഞ്ച് മുതൽ സംസ്ഥാന തലം വരെ വിശദമായി ചർച്ച ചെയ്ത് കണ്ടെത്തിയിട്ടുണ്ട്. അവർക്ക് സംഭവിച്ച തെറ്റുകൾ കുറെയൊക്കെ അവർ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെയടിസ്ഥാനത്തിൽ ഏതാണ്ടൊക്കെയോ തെറ്റുതിരുത്തലുകളും അവർ തന്നെ നടത്തുന്നുണ്ടെന്ന് പറയപ്പെടുന്നു.
അപ്പോഴാണ് ഇന്നലെവരെ അമേരിക്കയിലായിരുന്ന ഇദ്ദേഹത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങൾ. കേരളത്തിൽ SIR നടന്ന സമയത്ത് പിണറായി വിജയന്റെ പാർട്ടിയായിരുന്നു അധികാരത്തിൽ. അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മുതലുള്ള ഉദ്യോഗസ്ഥരെല്ലാം പിണറായി സർക്കാർ പ്രത്യേകം തെരഞ്ഞുപിടിച്ച് നിയോഗിച്ചവരുമായിരുന്നു. അന്നത്തെ പ്രതിപക്ഷമായിരുന്നു പല വീഴ്ചകളും ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷത്തിന്റെ നിതാന്ത ജാഗ്രതയിലും നിരന്തര ഇടപെടലിലുമായിരുന്നു കേരളത്തിലെ SIR താരതമ്യേനെ ഭേദപ്പെട്ട രീതിയിൽ പൂർത്തീകരിച്ചത്. അതിന്റെ ഗുണമാണ് നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
SIRന് മുമ്പ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വോട്ടർപട്ടിക വച്ചുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 60 ശതമാനത്തിലേറെ തദ്ദേശസ്ഥാപനങ്ങളിൽ ഭരണം പിടിച്ചത് യുഡിഎഫാണ് എന്നതും മറക്കരുത്. അതായത് പത്ത് വർഷത്തെ ദുർഭരണത്തിൽ പൊറുതിമുട്ടിയ കേരള ജനതയാണ് പിണറായി വിജയനേയും പാർട്ടിയേയും 2021ന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ആവർത്തിച്ച് തോൽപ്പിച്ചു പോന്നത്. അതൊന്നും വേറെ ഏതെങ്കിലും കണക്കിൽ കൊണ്ടുവന്ന് കെട്ടാൻ ഒരു പാറ്റപ്പാർട്ടിയും വൃഥാശ്രമം നടത്തണ്ട.
പിന്നെ 2024ൽ ഇന്ത്യയിൽ ബിജെപിയുടെ ഭൂരിപക്ഷം കുറച്ചതിൽ പിണറായി വിജയന്റെ പങ്കുമുണ്ടത്രേ! ആലത്തൂർ ലോകസഭ മണ്ഡലത്തിൽ മാത്രമാണ് പിണറായി വിജയന്റെ മുൻകൈയ്യിൽ പാർട്ടിക്ക് ഒരു എംപിയെ വിജയിപ്പിക്കാൻ കഴിഞ്ഞത് എന്നത് ഈ പാറ്റകൾക്ക് അറിയാത്തതാണോ? കേരളത്തിന് പുറത്ത് എവിടെയും, സിപിഎം മത്സരിക്കുന്ന സീറ്റുകളിലടക്കം, പിണറായി വിജയൻ ഒരു പ്രചരണ പരിപാടിക്ക് പോലും പോയിട്ടില്ലെന്നത് അന്ന് തന്നെ ചർച്ചയായിരുന്നല്ലോ. കേരളത്തിലെ പോളിംഗിന് ശേഷം അന്നത്തെ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി നേരെ പോയത് വിദേശയാത്രക്കാണ്.
വിവിധ സംസ്ഥാനങ്ങളിൽ നടന്ന SIRലെ ഗുരുതരമായ തട്ടിപ്പുകൾക്കെതിരെ വസ്തുനിഷ്ഠമായ ആരോപണങ്ങളുയർത്തി രാഹുൽ ഗാന്ധിയും മുഖ്യധാരാ പ്രതിപക്ഷവും 'വോട്ട് ചോരി' പോരാട്ടവുമായി മുന്നോട്ടു പോകുമ്പോൾ പുത്തൻകൂറ്റുകാരായ ഇത്തരം ഈയാംപാറ്റകളുടെ സെൽഫ് ഗോളുകൾ യഥാർത്ഥ വിഷയത്തെ ദുർബലപ്പെടുത്തുകയാണ്. പറയാതെ വയ്യ. Also Read: ഭുവനേശ്വർ കുമാറിനെ തിരിച്ചുവിളിച്ചത് രണ്ടുംകൽപ്പിച്ചാണ്; കാണാം ലോകകപ്പിനും !
