ഉത്‌കണ്ഠ അകറ്റാന്‍ യോഗ

ജോര്‍ജി സാം|
നൌഷാദിന് ഇപ്പോള്‍ ഒന്നിലും ഉത്സാഹമില്ല. പണ്ടത്തെ കളിയും ചിരിയും കുറഞ്ഞ് കുറഞ്ഞ് ഇല്ലാതായി. തന്നിലേക്ക് തന്നെ ഒതുങ്ങി കൂടാന്‍ ശ്രമിക്കുകയാണോ അവന്‍? ഡോക്ടറെ കണ്ടപ്പോഴാണ് അവന്‍ വിഷാദരോഗത്തിന് അടിമപ്പെടുകയാണെന്ന് മനസ്സിലായത്.

നൌഷാദിന്‍റെ അവസ്ഥ നിങ്ങളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഉണ്ടാവാം. തലച്ചോറിന്‍റെ ഗാമ-അമിനോബ്യൂട്ടിറിക് (ഗാബ) നില താഴുന്നതാണ് വിഷാദരോഗത്തിന് കാരണമായി പറയുന്നത്. ഗാബ നില ഉദ്ദീപിപ്പിക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.

സാധാരണയായി മരുന്നുകളുടെ സഹായത്തോടെയാണ് ഗാബ നിലയില്‍ വേണ്ട ഉയര്‍ച്ച ഉണ്ടാക്കുന്നത്. എന്നാല്‍, യോഗയുടെ സഹായത്താലും വിഷാദ രോഗത്തിന് ചികിത്സ നല്‍‌കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ബോസ്റ്റന്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനും മക്‍ലീന്‍ ആശുപത്രിയും ചേര്‍ന്ന് നടത്തിയ പഠനങ്ങളാണ് യോഗയുടെ പ്രത്യേകത ശാസ്ത്രീയമായി വിലയിരുത്തിയത്.

പഠനത്തില്‍, ഒരു മണിക്കൂര്‍ യോഗ പരിശീലനത്തില്‍ ഏര്‍പ്പെട്ടതിനു ശേഷവും അതിന് മുമ്പും ഉള്ള എട്ട് പേരുടെ ഗാബാ നില മാഗ്നറ്റിക് റസോണന്‍സ് സ്പെക്ട്രോസ്കോപിക് സംവിധാനം ഉപയോഗിച്ച് രേഖപ്പെടുത്തി. ഇതേ പോലെ തന്നെ 11 പേരുടെ ഗാബാ നില ഒരു മണിക്കൂര്‍ നേരത്തെ വായനയ്ക്കും ശേഷവും പഠന വിധേയമാക്കി. യോഗ ചെയ്തവരുടെ ഗാബാ നിലയില്‍ 29 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. എന്നാല്‍, വായനയില്‍ ഏര്‍പ്പെട്ടവരുടെ ഗാബാ നിലയില്‍ കാര്യമായ വ്യതിയാനമൊന്നും രേഖപ്പെടുത്തിയില്ല.

ഒരു മണിക്കൂര്‍ ശരിയായ രീതിയില്‍ യോഗ ചെയ്യുന്നതിലൂടെ ഗാബ തോത് ഉയരും. ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത് യോഗയ്ക്ക് വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയ മാനസിക അവസ്ഥകളില്‍ കാര്യമായ മാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ്- ബോസ്റ്റണ്‍ സര്‍വകലാശാലയിലെയും മക് ലീന്‍ ആശുപത്രിയിലെയും ഗവേഷകര്‍ പറയുന്നു.

യോഗയെ കുറിച്ചുള്ള ഈ ഗവേഷണ ഫലം “ജേര്‍ണല്‍ ഓഫ് ആള്‍ട്ടര്‍നേറ്റീവ് ആന്‍ഡ് കോം‌പ്ലിമെന്‍ററി മെഡിസിനില്‍” പ്രസിദ്ധീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :