മകനെ അമ്മ 17 വര്‍ഷം പൂട്ടിയിട്ടു

ബാംഗ്ലൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ ചൌദമ്മ എന്ന സ്ത്രീയ്ക്ക് ദൈവത്തെ വരിച്ച് ‘ദേവദാസി‘യാകാനായിരുന്നു ആഗ്രഹം. എന്നാല്‍ ഇത് എതിര്‍ത്ത മകനെ അവര്‍ ഇരുട്ട് മുറിയില്‍ പൂട്ടിയിട്ടു. ഒന്നും രണ്ടും ദിവസമല്ല, 17 വര്‍ഷം. കര്‍ണാടകയിലെ ദേവനാഗെരെ ജില്ലയിലെ ലോക്കപുര ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം.

ചൌദമ്മയുടെ മകന്‍ കേശവമൂര്‍ത്തി 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഞായറാഴ്ച പുറം‌ലോകം കണ്ടു. അയല്‍‌വാസികള്‍ മുറിയുടെ ചുവരുപൊളിച്ച് ഇയാളെ പുറത്തിറക്കുകയായിരുന്നു. ഇയാള്‍ക്ക് 30 വയസ്സ് പ്രായം വരും.

1995-ലാണ് കേശവമൂര്‍ത്തിയെ മുറിയില്‍ പൂട്ടിയിട്ടത്. ആഹാരം നല്‍കും, പക്ഷേ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. ഇയാള്‍ പുറത്തിറങ്ങുമെന്ന് ഭയന്ന് ജനാല വഴിയാണ് ആഹാ‍രം നല്‍കിയിരുന്നത്.

പക്ഷേ തനിക്ക് നേരെയുള്ള ആരോപണങ്ങളെല്ലാം ചൌദമ്മ നിഷേധിക്കുകയാണ്. കേശവമൂര്‍ത്തിക്ക് മറ്റുള്ളവരെ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. തന്നെയും സഹോദരനെയുമൊക്കെ അടിക്കുമായിരുന്നു. അതിനാല്‍ മകനെ ഒരു പാഠം പഠിപ്പിക്കാനാണ് ഇങ്ങനെ ചെയ്തത്. താന്‍ ദേവദാസിയാകാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു.

കേശവമൂര്‍ത്തിയെ ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സസില്‍ പരിശോധയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :