എല്ലാരും കളിയാക്കുമായിരുന്നു, അച്ഛനും അമ്മയും കുറേ കളിയാക്കല്‍ കേട്ടു; 'എന്തെങ്കിലും ആയെടാ ഞാന്‍' എന്നു പറഞ്ഞ് മണിക്കുട്ടന്‍ പൊട്ടിക്കരഞ്ഞു

രേണുക വേണു| Last Modified ഞായര്‍, 1 ഓഗസ്റ്റ് 2021 (22:16 IST)
ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ നാടകീയ രംഗങ്ങള്‍. ബിഗ് ബോസ് സീസണ്‍ 3 വിജയിയായി തന്നെ പ്രഖ്യാപിച്ചതിനു പിന്നാലെ മണിക്കുട്ടന്‍ പൊട്ടിക്കരഞ്ഞു. 'ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലുമൊക്കെ ആയി..' എന്നു പറഞ്ഞാണ് മണിക്കുട്ടന്‍ പൊട്ടിക്കരഞ്ഞത്.

സിനിമയില്‍ എന്തെങ്കിലുമൊക്കെ ആകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. ആ സമയത്താണ് ബിഗ് ബോസിലേക്ക് എത്തിയത്. ഇത്ര വലിയ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മണിക്കുട്ടന്‍ പറഞ്ഞു. സിനിമയില്‍ ഒന്നുമായില്ലെന്ന് പറഞ്ഞ് തന്റെ അച്ഛനും അമ്മയും കുറേ ആളുകളുടെ കളിയാക്കല്‍ കേട്ടിട്ടുണ്ടെന്നും മണിക്കുട്ടന്‍ വേദനയോടെ ഓര്‍ത്തു.

അകാലത്തില്‍ തന്നെ വിട്ടുപോയ ആത്മാര്‍ഥ സുഹൃത്തിനായി ഈ വിജയം സമ്മാനിക്കുന്നതായും മണിക്കുട്ടന്‍ പറഞ്ഞു. ബിഗ് ബോസ് അവതാരകനും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുമായ മോഹന്‍ലാലില്‍ നിന്ന് വിജയിക്കുള്ള ട്രോഫി ഏറ്റുവാങ്ങിയ ശേഷം ആ ട്രോഫി മുകളിലേക്ക് ഉയര്‍ത്തി അത് തന്റെ സുഹൃത്തിന് സമ്മാനിക്കുകയായിരുന്നു മണിക്കുട്ടന്‍. 'എന്തെങ്കിലും ആയെടാ ഞാന്‍' എന്നുപറഞ്ഞ് മണിക്കുട്ടന്‍ പൊട്ടിക്കരഞ്ഞു.


Season 3 Winner


ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ വിജയിയെ പ്രഖ്യാപിച്ചു. ബിഗ് ബോസ് കാണികള്‍ പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. മത്സരം ആരംഭിച്ച ദിവസം മുതല്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായ മണിക്കുട്ടനാണ് ബിഗ് ബോസ് സീസണ്‍ മൂന്നിന്റെ വിജയി. ഷോ അവതാരകനും സൂപ്പര്‍സ്റ്റാറുമായ മോഹന്‍ലാല്‍ ആണ് ഗ്രാന്‍ഡ് ഫിനാലെയില്‍ വിജയിയെ പ്രഖ്യാപിച്ചത്.


കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കുന്ന 75 ലക്ഷം രൂപ വിലയുള്ള ഫ്‌ളാറ്റാണ് ഒന്നാം സ്ഥാനത്തെത്തിയ മണിക്കുട്ടന് സമ്മാനമായി ലഭിക്കുക.

അവസാന നാല് സ്ഥാനക്കാരായി വന്നത് റംസാന്‍ മുഹമ്മദ്, ഡിംപിള്‍ പാല്‍, സായ് കൃഷ്ണ, മണിക്കുട്ടന്‍ എന്നിവരാണ്. സായ്കൃഷ്ണയാണ് മണിക്കുട്ടനു പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഡിംപിള്‍ പാല്‍ മൂന്നാം സ്ഥാനവും റംസാന്‍ മുഹമ്മദ് നാലാം സ്ഥാനവും കരസ്ഥമാക്കി.

തമിഴ്‌നാട്ടിലെ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് 95-ാം ദിവസമായ മെയ് 19ന് ബിഗ് ബോസ് 3 അവസാനിപ്പിക്കേണ്ടിവന്നത്. മത്സരം 95-ാം ദിവസം അവസാനിപ്പിച്ചെങ്കിലും ടൈറ്റില്‍ വിന്നറെ പ്രഖ്യാപിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. അവശേഷിച്ച എട്ട് മത്സരാര്‍ഥികള്‍ക്കായി ഒരാഴ്ചത്തെ വോട്ടിങ് അനുവദിച്ചിരുന്നു. ഇതനുസരിച്ചുള്ള വോട്ടിങ് മേയ് 29 നാണ് അവസാനിച്ചത്. ഈ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :