കരണിന് പരസ്ത്രീബന്ധം, നേരത്തെയും എന്നെ മര്‍ദിച്ചിട്ടുണ്ട്: നിഷ റാവല്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 2 ജൂണ്‍ 2021 (08:44 IST)

ഭര്‍ത്താവും നടനുമായ കരണ്‍ മെഹ്‌റയുടെ ആരോപണങ്ങള്‍ തള്ളി നടി നിഷ റാവല്‍. കരണ്‍ തന്നെ നിരവധി തവണ മര്‍ദിച്ചിട്ടുണ്ടെന്ന് നിഷ പറഞ്ഞു. തന്റെ തല നെറ്റിയില്‍ കൊണ്ടുപോയി ഇടിപ്പിച്ചത് ഭര്‍ത്താവ് കരണ്‍ തന്നെയാണെന്നും നിഷ പറയുന്നു.

'മുംബൈയിലെ വസതിയില്‍ കരണുമായി ചര്‍ച്ച നടക്കുകയായിരുന്നു. സംസാരത്തിനിടെ കരണ്‍ മുറിയില്‍ നിന്ന് പോയി. കരണ്‍ പോയപ്പോള്‍ ഞാന്‍ അവിടെ നിന്ന് ഇറങ്ങാന്‍ നോക്കുകയായിരുന്നു. അതിനിടയില്‍ കരണ്‍ എന്റെ മുടിയില്‍ പിടിച്ചു വലിച്ചു. എന്റെ തല കൊണ്ടുപോയി നെറ്റിയില്‍ ഇടിപ്പിച്ചു. രക്തം വരാന്‍ തുടങ്ങി. അതിനിടയില്‍ എന്റെ കഴുത്തിനു പിടിച്ച് ഭിത്തിയോട് ചേര്‍ത്തുനിര്‍ത്തി. കരണ്‍ എന്തിനാണ് എന്നെ ഇത്ര വെറുക്കുന്നത് എന്ന് ആലോചിച്ച് ഞാന്‍ ആ സമയം പൊട്ടിക്കരഞ്ഞു,' നിഷ പറഞ്ഞു.

കരണിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു എന്നും നിഷ പറയുന്നു. കരണിന് പരസ്ത്രീബന്ധമുണ്ടെന്ന് സംശയം തോന്നിയപ്പോള്‍ താന്‍ ചോദിക്കുകയായിരുന്നു. കരണ്‍ ഇക്കാര്യം സമ്മതിച്ചു. വേറൊരു സ്ത്രീയുമായി പ്രണയത്തിലാണെന്ന് പറഞ്ഞു. എനിക്കത് സഹിക്കാനായില്ല. ഈ വെളിപ്പെടുത്തല്‍ എന്നെ വളരെ തളര്‍ത്തി. ആ ബന്ധത്തില്‍ നിന്നു പുറത്തുകടക്കാന്‍ കരണ്‍ തയ്യാറല്ലായിരുന്നു. അദ്ദേഹത്തിനു കുറ്റബോധവും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് വിവാഹമോചനമാണ് നല്ലതെന്ന് താന്‍ ചിന്തിച്ചതെന്നും നിഷ പറഞ്ഞു. നേരത്തെയും താന്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും തുറന്നുപറയാതിരുന്നത് കരണിനെ പൊതുമധ്യത്തില്‍ നാണംകെടുത്തണ്ട എന്ന് വിചാരിച്ചതുകൊണ്ടാ ആണെന്നും നിഷ പറഞ്ഞു.


കരണ്‍ മെഹ്‌റയും നിഷ റാവലും വേര്‍പിരിയുന്നു

താരദമ്പതികളായ കരണ്‍ മെഹ്‌റയും നിഷ റാവലും വേര്‍പിരിയുന്നു. ഇരുവരുടെയും ദാമ്പത്യജീവിതം അത്ര സുഖകരമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, കരണിനെതിരെ നിഷ പൊലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് കരണ്‍. ഭര്‍ത്താവും നടനുമായ കരണ്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് പറഞ്ഞാണ് നിഷ പരാതി നല്‍കിയത്. എന്നാല്‍, തന്നെ കുടുക്കാന്‍ വേണ്ടി നിഷ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് കരണ്‍ പറയുന്നു.

ഭാര്യയെ ശാരീരികമായി മര്‍ദ്ദിച്ചു എന്ന കേസില്‍ തിങ്കളാഴ്ച രാത്രിയാണ് കരണ്‍ മെഹ്‌റയെ അറസ്റ്റ് ചെയ്യുന്നത്. എട്ട് വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. തന്റെ തല ഭിത്തിയില്‍ കൊണ്ടുപോയി ഇടിപ്പിച്ചു എന്നു പറഞ്ഞ് കരണിനെതിരെ നിഷ മുംബൈ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കരണിന് പിന്നീട് ജാമ്യം ലഭിച്ചു.

തനിക്കെതിരായ കേസ് വ്യാജമാണെന്നും ഭാര്യ നിഷ സ്വന്തം തല ഭിത്തിയില്‍ കൊണ്ടുപോയി ഇടിച്ച ശേഷം അത് തന്നില്‍ കെട്ടിവയ്ക്കാന്‍ നോക്കുകയാണെന്നും കരണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്നു പുറത്തിറങ്ങിയ ശേഷം പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി കരണ്‍ മൊഴി നല്‍കി. ഒത്തുതീര്‍പ്പിനായി ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ഒന്നിച്ചുപോകുന്നത് ബുദ്ധിമുട്ടാണെന്ന് തോന്നിയപ്പോള്‍ പിരിയാന്‍ തീരുമാനിച്ചു. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനമാണ് ഉദ്ദേശിച്ചിരുന്നത്. ഇക്കാര്യം ഭാര്യയെ അറിയിച്ചു. എന്നാല്‍, വിവാഹമോചനം വേണമെങ്കില്‍ ചില കണ്ടീഷന്‍സ് സമ്മതിക്കണമെന്ന് നിഷ നിലപാടെടുത്തു. നഷ്ടപരിഹാരമായി വലിയൊരു തുക ആവശ്യപ്പെട്ടു. അത് നല്‍കാന്‍ കരണ്‍ തയ്യാറായില്ല. നിഷയോടും അവരുടെ സഹോദരനോടുമായി കാര്യങ്ങള്‍ അവതരിപ്പിച്ചു. ഇതിനിടയില്‍ തര്‍ക്കം രൂക്ഷമായി. നിഷ മോശം വാക്കുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. തന്റെ ദേഹത്ത് നിഷ രണ്ട് തവണ തുപ്പിയെന്നും കരണ്‍ പറയുന്നു. റൂമില്‍ നിന്നു പുറത്തുപോകാന്‍ നിഷയോട് ആവശ്യപ്പെട്ടു. ഈ സമയം കരണ്‍ കൈ കഴുകുകയായിരുന്നു. നിഷ ആ സമയത്ത് തല കൊണ്ടുപോയി ഭിത്തിയില്‍ ഇടിച്ചു. എന്നിട്ട് അത് റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി. ഞാനാണ് അവരുടെ തല ഭിത്തിയില്‍ ഇടിപ്പിച്ചതെന്ന് പറഞ്ഞു. നിഷയുടെ സഹോദരനും എന്നെ ശാരീരികമായി ഉപദ്രവിച്ചു. തനിക്കെതിരായ എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും കരണ്‍ മൊഴിയില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :