രേണുക വേണു|
Last Modified ബുധന്‍, 10 നവംബര്‍ 2021 (11:50 IST)
മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള സീരിയലാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്കിലെ താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയിലൂടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് കുടുംബവിളക്ക് താരം ആതിര മാധവ്. താനും ജീവിതപങ്കാളി രാജീവും മാതാപിതാക്കള്‍ ആകാന്‍ പോകുകയാണെന്ന സന്തോഷമാണ് ആതിര പങ്കുവച്ചത്.
'എന്റെ ജീവിതത്തിലെ സ്നേഹത്തിന്റെയും അടി കൂടലിന്റെയും 365 ദിവസങ്ങള്‍ നിന്റെ കൂടെ ഞാനും വളര്‍ന്നു. ഞാന്‍ നല്ലൊരു ഭാര്യയല്ലെന്ന് എനിക്കറിയാം. എങ്കിലും ഞാന്‍ അതിന് ശ്രമിച്ച് കൊണ്ടേ ഇരിക്കുകയാണ്. ഇത്രയും സഹിഷ്ണുതയ്ക്കും ക്ഷമയ്ക്കും നന്ദി. നമുക്കൊന്നിച്ച് പോരാടുകയും വളരുകയും ചെയ്യാം. ഇന്ന് ഏറെ സന്തോഷത്തോടെ ഞങ്ങള്‍ മാതാപിതാക്കള്‍ ആവാന്‍ പോവുകയാണെന്ന കാര്യം കൂടി അനൗണ്‍സ് ചെയ്യുകയാണ്,' ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്ക് ക്യാപ്ഷനായി ആതിര കുറിച്ചിരിക്കുന്നു.
'ഞങ്ങള്‍ മാതാപിതാക്കള്‍ ആവാന്‍ പോവുകയാണ്. അഞ്ച് മാസത്തിന്റെ അടുത്ത് ആയി. ഇപ്പോള്‍ കുഞ്ഞ് വയറൊക്കെ വന്ന് തുടങ്ങി. ഇത്രയും നാള്‍ ഒളിപ്പിച്ച് നടക്കുകയായിരുന്നു. ഓരോ ദിവസവും കഷ്ടപ്പെട്ടാണ് മുന്നോട്ട് പോയത്. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോള്‍ അനുഭവിക്കാറുണ്ട്. നല്ല വൊമിറ്റിങ് ഉള്ളത് കൊണ്ട് ട്രിപ്പ്-ഹോസ്പിറ്റല്‍ മാത്രമായി നടക്കുകയായിരുന്നു. അതേസമയം എന്റെ ശബ്ദത്തിന് എന്താണ് കുഴപ്പമെന്ന് പലരും ചോദിച്ചു. അത് വാള് വെച്ച് വാള് വെച്ച് പോയതാണ്,' ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ആതിര പറഞ്ഞു.