Last Modified ചൊവ്വ, 25 ജൂണ്‍ 2019 (17:39 IST)
15 അടിയോളം നീളമുള്ള ഭീമാകാരനായ രാജാവെമ്പാലയെ പിടികൂടി. വാവ സുരേഷ്. വാവ സുരേഷ് പിടികൂടുന്ന 165ആമത്തെ രാജവെമ്പാലയാണിത്. കൊല്ലം ജില്ലയിൽ ആര്യങ്കാവ് വനത്തോട് ചേർന്നുള്ള അമ്പാട്ട് ടീ എസ്റ്റേറ്റിൽനിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. തോട്ടം തൊഴിലാളികൾ പാമ്പിനെ കണ്ടതോടെ വാവ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു.
ഇരവിഴുങ്ങിയ നിലയിലായിരുന്നു രാജവെമ്പാല. ഉടുമ്പിനെയാകാം പാമ്പ് ഇരയാക്കിയത് എന്നാണ് നിഗമനം. 6 വയസോളം പ്രായം വരുന്ന പെൺ രാജവെമ്പാലയെയാണ് പിടികൂടിയിരിക്കുന്നത്. ഇര വിഴുങ്ങി അധിക സമയം ആയിട്ടില്ലാത്തതിനാൽ ചർദ്ദിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് പിടികൂടിയ ശേഷം വാവ സുരേഷ് പാമ്പിനെ കുറച്ചുനേരത്തേക്ക് സ്വതന്ത്രമാക്കി വിട്ടിരുന്നു.
വനത്തോടു ചേർന്നുള്ള തോട്ടമായതിനാൽ രാജവെമ്പാലുൾപ്പടെയുള്ള പാമ്പുകൾ കൂടുതലായി കാണപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ വടികൊണ്ട് തട്ടി നോക്കിയ ശേഷം മാത്രമേ ചെടികളുടെ അടുത്തേക്ക് കടക്കാവൂ എന്നും തോട്ടം തൊഴിലാളികൾക്ക് നിർദേശം നൽകിയ ശേഷമാണ് വാവ സുരേഷ മടങ്ങിയത്. പിടികൂടിയ പാമ്പിനെ പിന്നീട് ഉൾ വനത്തിൽ വിട്ടു.