'ഒരച്ഛന്റെ കണ്ണ് നിറയുകയാണ്, മകള്‍ ഡോക്ടറായി'; വൈകാരിക കുറിപ്പുമായി ടി.എന്‍.പ്രതാപന്‍ എംപി

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 24 ഏപ്രില്‍ 2021 (13:09 IST)

മകള്‍ ഡോക്ടറായതിന്റെ സന്തോഷം പങ്കുവച്ച് തൃശൂര്‍ എംപി ടി.എന്‍.പ്രതാപന്‍. ഹൗസ് സര്‍ജന്‍സി കഴിഞ്ഞ മകള്‍ വീട്ടിലെത്തിയെന്നും വലിയ സന്തോഷവും അഭിമാനവും തോന്നുന്നെന്നും പ്രതാപന്‍ പറഞ്ഞു. തന്റെ വിദ്യാര്‍ഥി കാലം അടക്കം വിവരിച്ചുകൊണ്ടാണ് പ്രതാപന്‍ എംപിയുടെ വൈകാരികമായ കുറിപ്പ്. മാതാ അമൃതാനന്ദ മയിക്കും വ്യവസായ പ്രമുഖന്‍ എം.എ.യൂസഫലിക്കും പ്രതാപന്‍ നന്ദി പറഞ്ഞു.


ടി.എന്‍.പ്രതാപന്‍ എംപിയുടെ കുറിപ്പ് വായിക്കാം


ജീവിതത്തിലെ വലിയൊരു സ്വപ്നം കൂടി യാഥാര്‍ഥ്യമായിരിക്കുകയാണ്.

ഒരു പൊതുപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം സമൂഹമാണ് എല്ലാം. വ്യക്തിജീവിതത്തിലെ സന്തോഷങ്ങളും ആഗ്രഹങ്ങളും പലപ്പോഴും നേര്‍ത്തുനേര്‍ത്ത് ഇല്ലാതാകും. സമൂഹത്തിന്റെ ആകുലതകളില്‍ മനസ്സും ജീവിതവും കൊടുത്ത് ഉറ്റവര്‍ക്കുവേണ്ടി ജീവിക്കാന്‍ മറന്നുപോകുന്നവരുണ്ട് നമുക്കിടയില്‍.

പൊതുപ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ള വലിയൊരു ചോദ്യം കൂടിയാണത്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് അക്കാര്യത്തില്‍ ഒരു തിരിച്ചറിവുണ്ട്. സ്വകാര്യ ജീവിതത്തില്‍ നമ്മള്‍ അഭിമുഖീകരിക്കേണ്ടതായ ജീവിതങ്ങളും അവരുടെ അവകാശങ്ങളും സന്തോഷങ്ങളും നമ്മുടെ വലിയ ഉത്തരവാദിത്തങ്ങള്‍ തന്നെയാണ് എന്ന് ഞാന്‍ ഇടക്കെപ്പോഴോ മനസ്സിലാക്കിയ സത്യമാണ്. ദൈവതുല്യരായ മാതാപിതാക്കള്‍, നല്ല പാതിയായ ഭാര്യ, കരളിന്റെ കഷ്ണങ്ങളായ മക്കള്‍, രക്ത ബന്ധത്തിനാല്‍ വിളക്കിച്ചേര്‍ത്ത കൂടപ്പിറപ്പുകള്‍ എന്നിങ്ങനെ നമ്മുടെ ജീവിതത്തില്‍ എപ്പോഴും താങ്ങും തണലുമാകുന്ന ഒരു പറ്റം ജീവിതങ്ങളുണ്ട്.

പൊതു ജീവിതത്തില്‍ നമ്മുടെ ഉയര്‍ച്ച താഴ്ചകള്‍ക്കനുസരിച്ച നമ്മുടെ ചുറ്റിലുള്ളവരുടെ എണ്ണവും തരവും താല്പര്യങ്ങളും മാറിമറിയും. ചിലപ്പോള്‍ നമ്മള്‍ ഒറ്റക്കായിപ്പോവും. കൂടെയുണ്ടാകുമെന്ന് കരുതിയവരൊക്കെ വേറെ ചില്ലകളിലേക്ക് ചേക്കേറും. അതൊരു പ്രകൃതി രീതിയാണ്. അതങ്ങനെ തുടരും. നമുക്ക് പരിഭവിക്കാന്‍ വകയില്ല. എന്നാല്‍ ഇല്ലായ്മകളിലും വല്ലായ്മകളിലും കൂട്ടായി എപ്പോഴുമുള്ളത് കുടുംബമാണ്. മനസ്സും ശരീരവും തളര്‍ന്ന് നില്‍ക്കവേ നമുക്ക് ചായാന്‍ തണല്‍ വൃക്ഷം കണക്കെ അവരുണ്ടാകും. ചിലപ്പോഴെങ്കിലും പൊതുജീവിതത്തിന്റെ ഊഷരതക്കിടയില്‍ മരുഭൂമിയില്‍ ഒറ്റപ്പെട്ട് ദാഹിച്ചവശരായതുപോലെ തളരുമ്പോള്‍ താങ്ങി നില്‍ക്കാനുള്ള മരുപ്പച്ചയായി കുടുംബം കാണും. ജരാനരകള്‍ ബാധിച്ചാലും, ശരിയോര്‍മ്മകള്‍ നശിച്ചാലും അവര്‍ നമ്മുടെ കൂടെയുണ്ടാകും. കുടുംബത്തെപോലെ നമ്മോടൊപ്പം ഒട്ടി നില്‍ക്കുന്നവരും ഉണ്ടാകും. എന്റെ അനുഭവത്തിലുമുണ്ട് അങ്ങനെ ചില സുകൃത സൗഹൃദങ്ങള്‍ എന്നത് പറയാതെ പോകുന്നത് നീതിയല്ല.

കോവിഡ് കാലത്ത് നിരന്തരം ഓര്‍ക്കുന്ന കാര്യങ്ങളാണിതൊക്കെ. ഇപ്പോള്‍ ഇങ്ങനെ ഒരു കുറിപ്പെഴുതാന്‍ കാരണം, എന്റെ മകള്‍ എം ബി ബി എസ് പഠനം പൂര്‍ത്തീകരിച്ചതാണ്. ഹഔസ് സര്‍ജന്‍സി കഴിഞ്ഞ് അവള്‍ വീട്ടിലെത്തി. ഒരച്ഛന്റെ കണ്ണ് നിറയുകയാണ്. സന്തോഷം- അഭിമാനം.

ചെറുപ്പത്തില്‍ സ്‌കൂളില്‍ കൊണ്ടുപോയ ആദ്യത്തെ സ്ളേറ്റ് ഓര്‍മ്മയിലുണ്ട്. അയല്പക്കത്തെ കുട്ടിയുടെ പഴയ സ്‌ളേറ്റ്; പൊട്ടിയത്. സ്‌ളേറ്റില്‍ എഴുതുന്ന ചോക്ക് പെന്‌സിലുകള്‍ മുറിഞ്ഞ പൊട്ടുകളാണ്. ആദ്യം ലഭിച്ച പാഠപുസ്തകത്തിന്റെ തുടക്കത്തിലെയും ഒടുക്കത്തിലെയും താളുകളുണ്ടാവില്ല. മണ്ണ് പുരണ്ടതും കുത്തിക്കുറിച്ചതുമായ പുസ്തകങ്ങള്‍. നാട്ടിക എസ് എന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കാന്‍
പോകുമ്പോള്‍ എലൈറ്റിലെ ടി ആര്‍ രാഘവന്‍ തന്ന കാശ് ഉപയോഗിച്ച് തൈപ്പിച്ച ഷര്‍ട്ടും മുണ്ടുമാണ് അതുവരെ കിട്ടിയതില്‍ വെച്ച് നല്ല വേഷം. അപ്പോഴും വീട്ടില്‍ വൈദ്യുതിയില്ല.

പിന്നെ പഠനം രാഷ്ട്രീയമായിരുന്നു. മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായ കാലം. കേസുകള്‍, മര്‍ദ്ദനങ്ങള്‍, പലരുടെയും സഹായം കൊണ്ടുള്ള യാത്രകള്‍. വിശപ്പും അത് തീര്‍ക്കാനുള്ള പരിമിതമായ സാഹചര്യങ്ങളും. തൃശൂര്‍ പാര്‍ട്ടി ആസ്ഥാനത്തെ മൂട്ട കടിയേറ്റുള്ള പാതി വെന്ത ഉറക്കങ്ങള്‍. ആകെയുള്ള ഖദര്‍ വസ്ത്രങ്ങള്‍ ചെളിയും പൊടിയും പിടിക്കുന്നതനുസരിച്ച് കുത്തിത്തിരുമ്പുന്ന കലാപരിപാടിയും ഉണ്ണിച്ചേട്ടന്റെ ഇസ്തിരിക്കടയില്‍ കയറിയുള്ള തേപ്പും. വാറുണ്ണിയേട്ടന്റെ ചായക്കടയില്‍ നിന്ന് ഇഡലിയും മുതിരയും പാലും വെള്ളവും കഴിച്ച് തുടങ്ങുന്ന നീണ്ട ദിവസങ്ങള്‍. പാതിവഴിയില്‍ പഠനം നിന്നുപോയതില്‍ ഇന്നും എന്തെന്നില്ലാത്ത വേദനയാണ്.

മക്കള്‍ പഠിച്ചുയരുന്നത് കാണുമ്പോഴാണ് ആശ്വാസം. ഇപ്പോള്‍ ആന്‍സി ഡോക്ടറായി.
ഈയവസരത്തില്‍ ഏറ്റവും കൂടുതല്‍ കടപ്പാടുള്ള ചിലരുണ്ട്. മാതാ അമൃതാനന്ദ മയി. അമ്മയെ പോലെ സ്‌നേഹവും പരിഗണനയും നല്‍കിയാണ് എന്നും എന്നെ കണ്ടിട്ടുള്ളത്. മകളുടെ കാര്യം വന്നപ്പോഴും ഒരു രൂപ പോലും ഡൊണേഷന്‍ വാങ്ങാതെ വാര്‍ഷിക ഫീസിന്റെ പുറത്തു മാത്രം പഠിപ്പിക്കാമെന്ന് അവിടുന്ന് പറഞ്ഞു.

സീറ്റ് ഉറപ്പാക്കിയെങ്കിലും വര്‍ഷാവര്‍ഷം മകളുടെ പഠനത്തിന് കെട്ടേണ്ട തുക എങ്ങനെ സങ്കടിപ്പിക്കുമെന്ന് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. മകള്‍ക്ക് വന്ന അവസരം ഇല്ലാതാകുമോ എന്ന് സങ്കടപ്പെട്ട അവസരത്തില്‍ പ്രിയ നേതാവ് രമേശ് ചെന്നിത്തല കോളേജ് അധികൃതരോട് തന്റെ മകളെ പോലെ ആന്‍സിയെ കാണണമെന്ന് പറയുകയും എന്നോട് വലിയ വാത്സല്യം കാണിക്കുകയും ചെയ്തു. എന്റെ മകനാണെങ്കില്‍ എങ്ങനെ നിങ്ങള്‍ കാണും അതുപോലെ തന്നെ പ്രതാപന്റെ മകളുടെ കാര്യവും നോക്കണം എന്നായിരുന്നു അദ്ദേഹം സ്വാമിജിയോട് ആവശ്യപ്പെട്ടത്. ഇതറിഞ്ഞപ്പോള്‍ പ്രിയ സ്‌നേഹിതന്‍ വി ഡി സതീശന്‍ വല്ലാതെ വികാരഭരിതനായി എന്റെ അടുത്ത് വന്നു. 'ആന്‍സി എന്റെ മൂത്ത മകളാണ്. അവള്‍ക്ക് പഠിക്കാനുള്ളത് ഞാന്‍ നോക്കാം. എന്റെ ബാങ്ക് ചെക്ക് ഞാന്‍ തരികയാണ്' എന്ന് പറഞ്ഞു. ഈ സ്‌നേഹങ്ങള്‍ക്ക് മുന്നില്‍ എന്റെ ഉള്ളം പിടഞ്ഞു.

എന്നാല്‍ എന്റെ വീട്ടുകാര്യങ്ങളൊക്കെ സ്ഥിരമായി അന്വേഷിക്കുന്ന എന്റെ പ്രിയപ്പെട്ട ഇക്ക പദ്മശ്രീ യൂസഫലിക്ക ഇക്കാര്യം അറിഞ്ഞു. അദ്ദേഹം നാട്ടില്‍ വരുമ്പോള്‍ ഒന്നിച്ചുള്ള അത്താഴം പതിവായിരുന്നു. അഷ്‌റഫലിയുമായുള്ള കൂട്ട് കുട്ടിക്കാലം മുതലുള്ളതാണ്. അവരുടെ സ്‌നേഹനിധിയായ ഉമ്മ വിളമ്പിത്തന്ന ചോറ് എത്രയോ തവണ കഴിച്ചിരിക്കുന്നു. സി എ റഷീദും ചിലപ്പോഴൊക്കെ സി ജി അജിത് കുമാറും അങ്ങനെ ഒരുമിച്ചുള്ള അത്താഴങ്ങളില്‍ ഉണ്ടാകും. അങ്ങനെ ഒരു ദിവസം ആഷിഖിനെ പറ്റിയും ആന്‍സിയെ പറ്റിയും യൂസഫലിക്ക അന്വേഷിച്ചപ്പോഴാണ് വിവരങ്ങളറിയുന്നത്. ആന്‍സി എന്റെ മകളാണ്. അവളെ ഞാന്‍ പഠിപ്പിക്കും. നീ വിഷമിക്കണ്ട.' ഇക്കയുടെ എന്‍ ആര്‍ ഐ അക്കൗണ്ടില്‍ നിന്ന് കോളേജിലെ അക്കൗണ്ടിലേക്ക് ഫീസ് വന്നുകൊണ്ടിരുന്നു. ചെറുപ്പം മുതലേ യൂസഫലിക്കയും അഷ്‌റഫലിയും എന്നെ സ്വന്തം അനുജനെ പോലെയാണ് കരുതിയത്. ഇന്നും ആ വാത്സല്യം ഒരത്ഭുതമാണ്. സഹജീവി സ്‌നേഹം അവരുടെ മാതാപിതാക്കളും അവരിലും അവരുടെ ഏക സഹോദരിയിലും ഏറ്റവും പ്രകടമായ സവിശേഷതയാണ് ഞാന്‍ പറയേണ്ടതില്ലല്ലോ.

ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ജീവിത മാര്‍ഗ്ഗം നല്‍കിയ ഒരു മഹാമനീഷി എന്റെ മകളെ പഠിപ്പിച്ചു എന്നത് ഒരിക്കലും മങ്ങാത്ത അഭിമാന മുദ്രയാണ്. ജാതി-മത-വര്‍ഗ്ഗ വ്യത്യാസങ്ങളുടെ വേലികളുയരാത്ത, സ്‌നേഹം മാത്രം നിറഞ്ഞ ഒരു മനുഷ്യ മനസ്സ്! അങ്ങനെ വേണം യൂസഫലിക്കയെ നിര്‍വചിക്കാന്‍. പടച്ചവന്‍ ആയുരാരോഗ്യങ്ങളോടെ ദീര്‍ഘായുസ്സ് നല്‍കി അദ്ദേഹത്തെ വാഴിക്കട്ടെ. ഈ പരിശുദ്ധ റമദാനില്‍ അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രാര്‍ത്ഥനകള്‍ തന്നെ മതി ഒരു പുരുഷായുസ്സ് സഫലമാകാന്‍.

ഓരോ തവണയും കോളേജില്‍ നിന്ന് മെസേജ് വരുമ്പോള്‍ ഞാനത് ഹാരിസിനയക്കും. ഒട്ടും വൈകാതെ ഫീസ് അവിടെയെത്തും. ഒരിക്കല്‍ പോലും എനിക്ക് അതോര്‍ത്ത് ആധി കൂട്ടേണ്ടി വന്നില്ല. ആ ധൈര്യം ഒരു പക്ഷെ യൂസഫലിക്കാക്ക് മാത്രം നല്‍കാന്‍ പറ്റുന്നതായിരിക്കും. അതുപോലെ വിഷമഘട്ടത്തില്‍ എന്നോട് അതിയായ സ്‌നേഹം കാണിച്ച രമേശ് ചെന്നിത്തലയോടും വി ഡി സതീശനോടും ഞാന്‍ നന്ദി പറഞ്ഞു.
എന്നിട്ടും രാഷ്ട്രീയ പ്രതിയോഗികള്‍ എന്റെ മകളുടെ എം ബീ ബി എസ് പഠനത്തെ ചൊല്ലി വിവാദങ്ങള്‍ക്ക് ശ്രമിച്ചു. ഞാന്‍ കോഴ കൊടുത്താണ് സീറ്റ് തരപ്പെടുത്തിയതെന്ന് വ്യാജ വാര്‍ത്തകളുണ്ടാക്കി. അതൊന്നും ഞാന്‍ കാര്യമാക്കിയില്ല. എന്നെ സംബന്ധിച്ച്, വലിയ മനസ്സിനുടമകളായ ചിലരോട് എനിക്കൊരിക്കലും വീട്ടാനാവാത്ത കടപ്പാടുകളായി അവളുടെ പഠനം മാറുകയായിരുന്നു. അതുകൊണ്ട് എനിക്ക് ഒരു കാര്യം ഉറപ്പാണ്. അവള്‍ വെറുതെ ഒരു ഡോക്ടര്‍ ആവില്ല. പാവങ്ങള്‍ക്കും അശരണര്‍ക്കും സാന്ത്വനം നല്‍കുന്ന ഒരാളായി അവള്‍ മാറും. അത് അവളെ പഠിപ്പിച്ചവരുടെ സുകൃതഫലം കൂടിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഈ മഹാമാരിക്കാലത്തും സന്നദ്ധ സേവനത്തിന് അവള്‍ തയ്യാറാണ്. ഏത് വിഷമഘട്ടത്തിലും ആശ്വാസമാകുന്ന ഒരു മനസ്സ് അവള്‍ക്കുണ്ടാകണമെന്നാണ് എന്റെ പ്രാര്‍ത്ഥന, അവളുടെ സാനിധ്യം തന്നെ സാന്ത്വനമാകുന്ന ഒരു നല്ല കാലമാണ് എന്റെ സ്വപ്നം.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :