എന്തൊരു ദുരന്തമാണിത്? - മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് മമതാ ബാനർജി

അപർണ| Last Modified വ്യാഴം, 30 ഓഗസ്റ്റ് 2018 (08:52 IST)
കള്ളപ്പണം തടയുന്നതിനായി കേന്ദ്ര സർക്കാർ നിരോധിച്ച നോട്ടുകളില്‍ ഭൂരിഭാഗവും തിരിച്ചെത്തിയെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതോടെ കേന്ദ്ര സര്‍ക്കാരിനുള്ള വിമര്‍ശനങ്ങള്‍ കടുക്കുന്നു. രാഷ്ട്രീയ നേതാക്കൾ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയുടെ പാളിച്ചകള്‍ വെളിച്ചത്തായതോടെ രംഗത്ത് വന്നു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. എന്റെ ആദ്യത്തെ ചോദ്യം ഇത്രയും കള്ളപ്പണം എവിടെ പോയെന്നതാണ്? കള്ളപ്പണം കൈവശമുള്ള ചിലര്‍ക്ക് അതു വെളുപ്പിക്കാന്‍ വേണ്ടിയാണോ നോട്ട് നിരോധനം ആസൂത്രണം ചെയ്തത്? എന്ന് മമത ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

കര്‍ഷകര്‍, അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍, ചെറുകിട വ്യവസായികള്‍, കഠിനാധ്വാനം ചെയ്യുന്ന മധ്യവര്‍ഗ വിഭാഗങ്ങളിലെ ജനങ്ങള്‍ തുടങ്ങിയ സാധാരണക്കാരെയാണ് നോട്ട് നിരോധനം ഏറ്റവും കൂടുതല്‍ ബാധിച്ചത്. എന്തൊരു ദുരന്തമാണിത്, എന്തൊരു നാണക്കേടാണിത്? മമത ചോദിച്ചു.

ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 15.41 ലക്ഷം കോടി രൂപ വില മതിക്കുന്ന നോട്ടുകളാണ് തിരിച്ചെത്തിയത്. നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനം. ആര്‍ബിഐ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :