നെഹ്‌റു മ്യൂസിയത്തിന് രൂപ മാറ്റം വരുത്താനുള്ള നീക്കത്തിനെതിരെ മോദിക്ക് മൻ‌മോഹന്റെ കത്ത്

നെഹ്‌റു മ്യൂസിയത്തിന് രൂപ മാറ്റം വരുത്താനുള്ള നീക്കത്തിനെതിരെ മോദിക്ക് മൻ‌മോഹന്റെ കത്ത്

ന്യൂഡൽഹി| Rijisha| Last Modified തിങ്കള്‍, 27 ഓഗസ്റ്റ് 2018 (12:03 IST)
നെഹ്‌റു സ്മാരക മ്യൂസിയത്തിനും തീന്‍മൂര്‍ത്തി ഭവനും രൂപ മാറ്റം വരുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്‍ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് കത്തയച്ചു. തീന്‍മൂര്‍ത്തി കോപ്ലക്‌സില്‍ എല്ലാ പ്രധാനമന്ത്രിമാരുടെയും മ്യൂസിയം ഒരുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി വിവാദമായ സാഹചര്യത്തിലാണു മന്‍മോഹന്‍ സിങ് മോദിക്കു കത്തയച്ചത്.

ജവഹര്‍ലാല്‍ നെഹ്‌റു കേവലം കോണ്‍ഗ്രസുകാരുടേത് മാത്രമല്ലെന്നും മുഴുവന്‍ രാജ്യത്തിന്റേതുമാണെന്നും അതുകൊണ്ട് നെഹ്‌റുവിന്റെ വസതിയായ തീന്‍മൂര്‍ത്തി ഭവനെ അതേപോലെ നിലനിർത്തണമെന്നും മുന്‍ പ്രധാനമന്ത്രിയുടെ കത്തില്‍ പറയുന്നു.

ആറ് വര്‍ഷം ഭരിച്ച വാജ്‌പേയി ഒരു കാരണവാശാലും തീന്‍മൂത്തി ഭവന്റെ സ്വഭാവം മാറ്റാന്‍ തയ്യാറായിട്ടില്ലെന്നും എന്നാല്‍ ഇന്നത്തെ സര്‍ക്കാര്‍ അതിന് മുതിരുകയാണെന്നും ആ നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്നും മന്‍മോഹന്‍സിംഗ് കത്തിൽ പറഞ്ഞു. എല്ലാ പ്രധാനമന്ത്രിമാരുടേയും മ്യൂസിയം ഉണ്ടാക്കുന്നത് നെഹ്‌റൂവിയന്‍ ലെഗസി തകര്‍ക്കാനാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

നവഭാരത ശില്‍പിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണകള്‍ക്കായി സമര്‍പ്പിച്ചതാണു നെഹ്‌റു മ്യൂസിയം. എല്ലാവരും ഒരുപോലെ അംഗീകരിച്ചതാണ് അദ്ദേഹത്തെ. 25 ഏക്കര്‍ വിസ്തൃതിയാണ് തീന്‍മൂര്‍ത്തി ഭവനുള്ളത്. ഇവിടെയാണ് നെഹ്‌റു സ്മാരക മ്യൂസിയവും ലൈബ്രറിയും സ്ഥിതി ചെയ്യുന്നത്. എല്ലാവരുടേയും വികാരങ്ങൾ കണക്കിലെടുത്ത് നെഹ്‌റു മ്യൂസിയം അതേപടി നിലനിർത്തണമെന്നും മൻ‌മോഹൻ സിംഗ് കത്തിൽ ആവശ്യപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :