ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 29 ഓഗസ്റ്റ് 2018 (15:01 IST)
കള്ളപ്പണം പിടിക്കാനെന്ന പേരില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പാക്കിയ നോട്ട് നിരോധനം സമ്പൂർണ്ണ പരാജയമെന്ന് വ്യക്തമാക്കുന്ന കണക്കുകളുമായി റിസർവ് ബാങ്ക്.
500ന്‍റെയും 1000 ത്തിന്‍റെയും അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് ആര്‍ബിഐ ഇന്നു പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിനുമുമ്പ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. ഇതില്‍ 15.31 ലക്ഷം കോടി മൂല്യമുള്ള നോട്ടുകള്‍ തിരിച്ചെത്തി.
13,000 കോടി മാത്രമാണ് ഇനിയും എത്തിച്ചേരാനുള്ളതെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.
തിരിച്ചെത്തിയ നോട്ടുകളുടെ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിന് അത്യാധുനിക സംവിധാനങ്ങളാണ് റിസർവ് ബാങ്ക് ഉപയോഗിച്ചത്. കറൻസി വെരിഫിക്കേഷൻ ആൻഡ് പ്രോസസിംഗ് സിസ്റ്റമാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്.
2016 നവംബര്‍ 8 ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചത്. കള്ളപ്പണക്കാരുടെ പക്കലുള്ള ആറ് മുതൽ ഏഴു ശതമാനം നോട്ടുകൾ തിരിച്ചെത്തില്ലെന്നാണ് കേന്ദ്രം കരുതിയിരുന്നത്.
എന്നാൽ 100 ശതമാനത്തോളം നോട്ടുകളും തിരിച്ചെത്തിയതോടെ കള്ളപ്പണ വേട്ട പാളിയെന്ന് വ്യക്തമായി.