ടീച്ചറമ്മ, ഓളെ പഠിപ്പിച്ചത് വെറുതെയായില്ല; നവജാത ശിശുവിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചു, ഷൈലജ ടീച്ചർക്ക് അഭിനന്ദന പ്രവാഹം

Last Modified വ്യാഴം, 9 മെയ് 2019 (10:21 IST)
ഹൃദയ വാല്‍വിന്റെ തകരാറിനെ തുടര്‍ന്ന് മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് കൊച്ചിയിലെ ലിസി ആശുപത്രിയില്‍ എത്തിച്ച നവജാത ശിശുവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായം അഭ്യർത്ഥിച്ച് കൊണ്ടുള്ള യുവാവിന്റെ കമന്റിന് ആരോഗ്യമന്ത്രി ടീച്ചറുടെ അടിയന്തര നടപടിയിൽ തിരിച്ച് കിട്ടിയത് ഒരു കുരുന്നിന്റെ ജീവനാണ്.

കുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായമഭ്യര്‍ത്ഥിച്ച് യുവാവ് ആരോഗ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിനടിയില്‍ കമന്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായി ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയുമെന്ന് മന്ത്രി കെ കെ ഷൈലജ മറുപടി നല്‍കിയിരുന്നു.

രക്താര്‍ബുദത്തോട് പൊരുതി എസ്എസ്എല്‍സിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിയെ അനുമോദിച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് യുവാവ് സഹായമഭ്യര്‍ത്ഥിച്ചെത്തിയത്. സഹോദരിയുടെ കുഞ്ഞിന്റെ ഹൃദയവാല്‍വിന് തകരാര്‍ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു കമന്റ്.

'ടീച്ചറേ... വേറെ ഒരു മാര്‍ഗവും ഇല്ലാത്തതുകൊണ്ടാണ് ഈ മെസ്സേജ് അയക്കുന്നത്. എന്റെ അനുജത്തി ഇന്ന് രാവിലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി, നിര്‍ഭാഗ്യവശാല്‍ വാല്‍വ് സംബന്ധമായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങള്‍ dr നിര്‍ദ്ദേശിച്ച പ്രകാരം പെരിന്തല്‍മണ്ണയിലെ KIMS ALSHIFAYIL എത്തി. അവര്‍ ടെസ്റ്റുകള്‍ നടത്തി. ഇപ്പൊള്‍ ഇവിടെ നിന്ന് ഒന്നുകില്‍ അമൃത ഹോസ്പിറ്റലില്‍ അല്ലെങ്കില്‍ ശ്രീചിത്തിര യിലിയോട്ട് കൊണ്ട് പോവാന്‍ പറഞ്ഞു.മേല്‍ ഹോസ്പിറ്റലില്‍ ബന്ധപ്പെട്ടപ്പോള്‍ ബെഡ് ഫ്രീ ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഇവിടത്തെ dr പറഞ്ഞു. ടീച്ചറേ... എത്രയും പെട്ടന്ന് എന്റെ കുട്ടിയെ മേല്‍ ഹോസ്പിറ്റലില്‍ എത്തിച്ചിട്ടില്ലേല്‍ ജീവന്‍ അപകടത്തിലാവും എന്നാണ് dr പറഞ്ഞത്. ടീച്ചര്‍ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു' - എന്നായിരുന്നു കമന്റ്.

ഇതിന് പിന്നാലെ മന്ത്രിയുടെ മറുപടിയും എത്തി.

'താങ്കളുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയും. എത്രയും വേഗത്തില്‍ കുഞ്ഞിനു വേണ്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റലില്‍ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികള്‍ സ്വീകരിക്കും'- ഇതായിരുന്നു മന്ത്രിയുടെ മറുപടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :