ആനക്കൊമ്പ് വിവാദം; മോഹൻലാലും സഹായികളും കുരുക്കിലേക്ക്

ആനക്കൊമ്പ് വിവാദം; മോഹൻലാലും സഹായികളും കുരുക്കിലേക്ക്

Rijisha M.| Last Modified ബുധന്‍, 5 ഡിസം‌ബര്‍ 2018 (07:54 IST)
അനധികൃതമായി ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാലിനും സർക്കാരിനും എതിരെ കേന്ദ്ര വന്യജീവി കുറ്റകൃത്യ നിവാരണ ബ്യൂറോ വിഭാഗം അന്വേഷണം ആരംഭിച്ചു. താരത്തെ കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമം നടന്നതായി ആരോപണമുയർന്നതിന് പിന്നാലെയാണ് കേന്ദ്രം അന്വേഷണം തുടങ്ങിയിരിക്കുന്നത്.

മോഹൻലാലിനെ കേസിൽ നിന്ന് രക്ഷിക്കാന്‍ വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്ന് സി എ ജി റിപ്പോര്‍ട്ടിനെ തുടർന്നാണ് ഇത്തരത്തിൽ നീക്കം നടന്നിരിക്കുന്നത്. കേരളത്തിലെ ഒരു വിഭാഗം ആനപ്രേമികളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി.
മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. ഇതിന്റെ ഉടമസ്ഥാവകാശരേഖകള്‍ താരത്തോടാവശ്യപ്പെട്ടെങ്കിലും ഹാജരാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു വനംവകുപ്പ് കേസെടുക്കുകയായിരുന്നു.

ഉടമസ്ഥാവകാശ രേഖയില്ലാത്ത ആനക്കൊമ്പ് കണ്ടെടുത്താല്‍ അവ പിടിച്ചെടുത്ത് ഗസറ്റില്‍ പരസ്യംചെയ്ത് യഥാര്‍ത്ഥ ഉടമയെ കണ്ടെത്തുകയോ സര്‍ക്കാരിലേക്കു കണ്ടുകെട്ടുകയോ വേണമെന്നാണ് ചട്ടം. ഇതൊന്നും താരത്തിന്റെ കേസില്‍ പാലിക്കപ്പെട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു സി.എ.ജിയുടെ റിപ്പോര്‍ട്ട്.

സംഭവത്തില്‍ വീഴ്ച വരുത്തിയതായി അന്വേഷണസംഘം കണ്ടെത്തിയാല്‍ താരവും സഹായിച്ച ഉദ്യോഗസ്ഥരും കുരുക്കിലാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :