ആനക്കൊമ്പ് വിഷയം; പണികിട്ടുന്നത് മോഹൻലാലിന് മാത്രമോ?

ആനക്കൊമ്പ് വിഷയം; പണികിട്ടുന്നത് മോഹൻലാലിന് മാത്രമോ?

Rijisha M.| Last Modified ബുധന്‍, 5 ഡിസം‌ബര്‍ 2018 (11:37 IST)
അനധികൃതമായി ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ച കേസിൽ നടൻ മോഹൻലാലിനെതിരെ കേന്ദ്ര വന്യജീവി കുറ്റകൃത്യ നിവാരണ ബ്യൂറോ വിഭാഗം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. താരത്തെ കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമം നടന്നതായി ആരോപണമുയർന്നതിന് പിന്നാലെയാണ് കേന്ദ്രം അന്വേഷണം തുടങ്ങിയിരിക്കുന്നത്.

2012 ജൂണ്‍ മാസത്തില്‍ ആയിരുന്നു ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ റെയ്ഡ് നടത്തിയത്. ലൈസന്‍സ് ഇല്ലാതെ സൂക്ഷിച്ച നാല് ആനക്കൊമ്പുകളാണ് അന്ന് പിടിച്ചെടുത്തത്.

എന്നാൽ ഇതിൽ മോഹൻലാലിനെതിരെ നടപടികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മോഹൻലാലിന്റെ സ്ഥാനത്ത് ഒരു സാധാരണക്കാൻ ആയിരുന്നെങ്കിൽ റെയ്‌ഡ് നടന്ന അന്നുതന്നെ പ്രശ്‌നങ്ങൾ തുടങ്ങേണ്ടതായിരുന്നു. മോഹൻലാലിനെതിരെ ആദ്യം കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസ് എടുത്തിരുന്നു. പക്ഷേ പിന്നീട് ഈ കേസ് റദ്ദാക്കുകയായിരുന്നു.

ഉമ്മൻ ചാണ്ടി സർക്കാർ ഭരിക്കുന്ന കാലത്തായിരുന്നു പ്രശ്‌നം നടന്നത്. അന്ന് വനം മന്ത്രി ആയിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മോഹൻലാലിനെ രക്ഷപ്പെടാൻ സഹായിച്ചതെന്ന് ആരോപണം ഉണ്ടായിരുന്നു.

ആനക്കൊമ്പുകള്‍ വിലകൊടുത്ത് വാങ്ങിയതാണ് എന്നായിരുന്നു മോഹന്‍ലാലിന്റെ അന്നത്തെ വാദം. കൊമ്പിന് 65,000 രൂപ നല്‍കിയാണ് വാങ്ങിയത് എന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. തൃശൂര്‍ സ്വദേശിയായ പിഎന്‍ കൃഷ്ണകുമാർ‍, തൃപ്പൂണിത്തുറ സ്വദേശി കെ കൃഷ്ണകുമാര്‍ എന്നിവരില്‍ നിന്നാണ് ആനക്കൊമ്പ് വാങ്ങിയത് എന്നും പറഞ്ഞിരുന്നു.

ആനക്കൊമ്പ് വീട്ടിൽ സൂക്ഷിക്കാന്‍ ലൈസന്‍സ് വേണം എന്ന കാര്യവും വിലകൊടുത്താണ് അത് വാങ്ങിച്ചതെന്ന വാദവും കോടതി അന്ന് തള്ളിയിരുന്നു. അതേസമയം, ആനക്കൊമ്പുകൾ വിലകൊടുത്ത് വാങ്ങിയതാണെങ്കിലും അത് നിയമലംഘനമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ഇതേ കേസിൽ മോഹൻലാലിനെ കൂടാതെ കൊച്ചി രാജകുടുംബാംഗമായ നളിനി രാമകൃഷ്ണനും പ്രതിയാണ്. മുന്‍ വനംവകുപ്പ് സെക്രട്ടറി മാരപാണ്ഡ്യന്‍, മലയാറ്റൂര്‍ ഡിഎഫ്ഒ കോടനാട് റേഞ്ച് ഓഫീസര്‍, മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ കെ പത്മകുമാർ‍, തൃക്കാക്കര എസിപി ബിജോ അലക്‌സാണ്ടർ‍, മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ തൃശൂര്‍ സ്വദേശിയായ പിഎന്‍ കൃഷ്ണകുമാർ‍, തൃപ്പൂണിത്തുറ സ്വദേശി കെ കൃഷ്ണകുമാര്‍ര്‍ എന്നിവരും പ്രതികളാണ്.

ഉടമസ്ഥാവകാശ രേഖയില്ലാത്ത ആനക്കൊമ്പ് കണ്ടെടുത്താല്‍ അവ പിടിച്ചെടുത്ത് ഗസറ്റില്‍ പരസ്യംചെയ്ത് യഥാര്‍ത്ഥ ഉടമയെ കണ്ടെത്തുകയോ സര്‍ക്കാരിലേക്കു കണ്ടുകെട്ടുകയോ വേണമെന്നാണ് ചട്ടം. ഇതൊന്നും താരത്തിന്റെ കേസില്‍ പാലിക്കപ്പെട്ടില്ല. ഇത് ചൂണ്ടിക്കാട്ടി മോഹൻലാലിനെ രക്ഷിക്കാൻ ശ്രമം നടന്നെന്ന് പറഞ്ഞാണ് സി എ ജി ഇപ്പോൾ റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്.

സംഭവത്തില്‍ വീഴ്ച സംഭവിച്ചതായി അന്വേഷണസംഘം കണ്ടെത്തിയാല്‍ താരവും സഹായിച്ച എല്ലാവർക്കുംമേൽ കുരുക്ക് വീഴുമെന്ന് ഉറപ്പാണ്. എന്നാൽ മലയാള സിനിമയുടെ സൂപ്പർസ്‌റ്റാറായി തിളങ്ങുന്ന താരത്തിനെതിരെ നടപടികൾ ഉണ്ടായാൽ അത് വലിയൊരു പ്രക്ഷോഭത്തിന് തന്നെ കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :