ഗോൾഡ ഡിസൂസ|
Last Modified തിങ്കള്‍, 18 നവംബര്‍ 2019 (12:15 IST)
അപകടകരമായ വേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് വ്യത്യസ്ത മുന്നറിയിപ്പുമായി നാട്ടുകാരുടെ ഫ്ലക്സ് ബോര്‍ഡ്. ഇടുക്കി ജില്ലയിലെ ഉളുപ്പുണി നിവാസികളുടെ ഫ്ലക്സ് ബോർഡ് ആണ് വൈറലായത്.
വേഗത കുറച്ച് വാഹനം ഓടിച്ചില്ലെങ്കില്‍ കരണം അടിച്ച് പൊട്ടിക്കുമെന്നാണ് ഫ്ലക്സ് ബോർഡിൽ എഴുതിയിരിക്കുന്നത്. വാഗമണ്‍-ഉളുപ്പുണി, വണ്ടിപ്പെരിയാര്‍-സത്രം റൂട്ടില്‍ സഞ്ചാരികളുമായി മരണപ്പാച്ചില്‍ നടത്തുന്ന ട്രെക്കിംഗ് ജീപ്പുകളെ മുന്നില്‍ കണ്ടാണ് ഫ്ലക്സ് ബോര്‍ഡ്.
ദുര്‍ഘടമായ പാതകളും മലനിരകളും നിറഞ്ഞ റോഡുകളിലൂടെ കുതിച്ചു പായുന്ന ട്രെക്കിംഗ് ജീപ്പുകള്‍ക്ക് നേരെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും കണ്ണടയ്ക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പലതവണ പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ലത്രെ. നിരന്തരമായി അപകടങ്ങള്‍ നടക്കുന്ന റൂട്ടാണ് വാഗമണ്‍-ഉളുപ്പുണി റൂട്ട്. ഈ സാഹചര്യത്തിലാണ് പുതിയ ഫ്ലക്സ് സ്ഥാപിക്കാമെന്ന് ഇവർ തന്നെ തീരുമാനിച്ചത്.
അമിത വേഗം കാരണം നാട്ടുകാരും പൊറുതി മുട്ടിയിരിക്കുകയാണ്. വേഗം കുറച്ചു വാഹനം ഓടിച്ചില്ലെങ്കില്‍ അടികൊടുക്കുമെന്നു ബാനര്‍ എഴുതിക്കെട്ടേണ്ട സ്ഥിതിവരെയായി. ജില്ലാ ഭരണകൂടവും ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഭാരവാഹികളും പരാതികള്‍ പലതും കണ്ടില്ലെന്ന് നടിക്കുന്നു എന്ന ആക്ഷേപവും ശക്തം.