എന്തൊക്കെ സംഭവിച്ചാലും മല കയറുമെന്ന് തൃപ്തി ദേശായി; യുവതികൾ എത്തിയാൽ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഡിജിപി

നീലിമ ലക്ഷ്മി മോഹൻ| Last Modified ശനി, 16 നവം‌ബര്‍ 2019 (13:19 IST)
എന്ത് വന്നാലും ദര്‍ശനം നടത്തുമെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി. തന്റെ കൈയില്‍ 2018ലെ സുപ്രീം കോടതി വിധിയുടെ പകര്‍പ്പ് ഉണ്ടെന്നും എന്ത് സംഭവിച്ചാലും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും തൃപ്തി ദേശായി പറയുന്നു.

ശബരിമലയില്‍ യുവതികള്‍ക്ക് കയറാമെന്ന സുപ്രീം കോടതിയുടെ വിധി തന്റെ കൈയില്‍ ഉണ്ട്. അതിനാല്‍ തനിക്ക് ശബരിമലയില്‍ ദര്‍ശനം നടത്താം. പുനഃപരിശോധാ ഹര്‍ജികള്‍ പരിശോധിച്ച കോടതി പഴയ വിധിക്ക് സ്റ്റേ നല്‍കാത്തതിനാല്‍ ആ വിധി നിലനില്‍ക്കുന്നുണ്ടെന്നും ദേശായി മും‌ബൈയിൽ പറഞ്ഞു.

അതേസമയം യുവതികൾ എത്തിയാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രതികരണം. പമ്പയിൽ ഇത്തവണ പൊലീസ് ചെക്പോസ്റ്റുകൾ ഉണ്ടാകില്ലെന്നും ഡിജിപി വ്യക്തമാക്കി. യുവതിപ്രവേശ വിധിക്ക് സ്റ്റേയില്ലെങ്കിലും യുവതികളെത്തിയാല്‍ വിധിയിലെ സങ്കീര്‍ണത ചൂണ്ടിക്കാട്ടി പ്രവേശനം തടയാനാണ് സര്‍ക്കാരിന്റെ നീക്കം എന്നാണ് വിവരം.

കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന പിണറായി സര്‍ക്കാരിന്റെ നിലപാടിനെതിരെ സംസ്ഥാനത്തെ ഭക്തര്‍ക്കിടയില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് വിവാദമാവുകയും ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പിനെ ഇത് പ്രതികൂലമായി ബാധിക്കുകയും കേസ് ഏഴംഗ ബെഞ്ചിന് കൈമാറുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ ഒരുങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :