ബിൽക്കിസ് ബാനു കേസ്: രണ്ട് പ്രതികളുടെ ജീവപര്യന്തം മരവിപ്പിച്ചു
2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഹിന്ദുത്വ തീവ്രവാദികൾ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് പ്രതികളുടെ ജീവപര്യന്തം തടവ് സുപ്രീം കോടതി താത്കാലികമായി മരവിപ്പിച്ചു. ബിപിൻ ചന്ദ്ര ജോഷി, പ്രദീപ് മോർധിയ എന്നീ കുറ്റവാളികൾക്കാണ് കോടതിയിൽ നിന്ന് അനുകൂലമായ വിധി.
ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഇവർ 17 വർഷത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും, അപ്പീലുകളിൽ നിയമപരമായും വസ്തുതാപരമായും തീർപ്പാക്കേണ്ട ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്നും കോടതി വിലയിരുത്തി.
ഹർജിക്കാർ കുറച്ചേറെ കാലമായി തടവിലാണെന്ന കാര്യവും, ഇവരിൽ ഒരാൾക്ക് ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന വാദവും കോടതി പരിഗണിച്ചു. എന്നാൽ, ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി അഡീഷണൽ സോളിസിറ്റർ ജനറൽ രാജ താക്കറെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു. എഫ്.ഐ.ആറിൽ പേര് ഉൾപ്പെടാത്തതുൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചു. വിചാരണക്കോടതിയും ഹൈക്കോടതിയും നേരത്തെ ശരിവെച്ച തെളിവുകൾ പരിശോധിച്ച ശേഷമാണ് സുപ്രീം കോടതിയുടെ ഈ നടപടി.
എന്താണ് ബിൽക്കിസ് ബാനു കേസ്
2002 മാർച്ച് മൂന്നിനാണ് ബിൽക്കിസ് ബാനു അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. ഗുജറാത്ത് കലാപം പൊട്ടിപ്പുറപ്പെട്ട സമയമായിരുന്നു അത്. ഹിന്ദുത്വ തീവ്രവാദികൾ മുസ്ലിങ്ങളെ വേട്ടയാടുകയായിരുന്നു. ഗോധ്രയിൽ തീവണ്ടിക്കു തീപിടിച്ച് ഹിന്ദു ഭക്തരും കർസേവകരും കൊല്ലപ്പെട്ടതിനു പകരമായാണ് ഗുജറാത്ത് കലാപമെന്ന് സംഘപരിവാർ ന്യായീകരണം നടത്തി.
ബലാത്സംഗം നടക്കുമ്പോൾ ബിൽക്കിസ് ബാനു അഞ്ച് മാസം ഗർഭിണിയായിരുന്നു. ബിൽക്കിസ് ബാനുവിന്റെ കുടുംബത്തിലെ 14 പേരെ കലാപകാരികൾ കൊലപ്പെടുത്തി. മാർച്ച് നാലിനു ബിൽക്കിസ് ബാനുവിനെ ലിംഖേദ പൊലീസ് സ്റ്റേഷനിലെത്തിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. എന്നാൽ എഫ്.ഐ.ആറിൽ ബിൽക്കിസ് ബാനു ബലാത്സംഗത്തിനു ഇരയായ കാര്യം നൽകിയിരുന്നില്ല. പിന്നീട് ബിൽക്കിസ് ബാനു നടത്തിയ നിയമപോരാട്ടം ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ സുപ്രധാന ഏടാണ്.
ബിൽക്കിസ് ബാനു കേസിലെ പ്രതികൾ പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടു. 2022 ൽ ബിൽക്കിസ് ബാനു കേസ് വീണ്ടും വാർത്തകളിൽ ഇടം പിടിച്ചു. കൂട്ടബലാത്സംഗ കേസിൽ ജയിൽവാസം അനുഭവിച്ചിരുന്ന 11 പ്രതികളെ ഗുജറാത്ത് സർക്കാർ നല്ല നടപ്പിന്റെ പേരിൽ ജയിൽ മോചിതരാക്കിയതാണ് കാരണം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ചാണ് ജയിലിലെ നല്ല നടപ്പിന്റെ പേരിൽ പ്രതികളെ ജയിൽ മോചിതരാക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചത്. ഇതിനെതിരെ ബിൽക്കിസ് ബാനു സുപ്രീം കോടതിയെ സമീപിച്ചു. ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ കോടതി രൂക്ഷമായി വിമർശിച്ചു. പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിനു അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയാണ് നൽകിയിരുന്നത്. ഇവർക്ക് ശിക്ഷാ ഇളവ് നൽകാൻ ഗുജരാത്ത് സർക്കാരിനു എന്ത് അധികാരമാണ് ഉള്ളതെന്നും കോടതി ചോദിച്ചു.
