നിശ്വാസങ്ങള്‍

എന്‍ ടി ബൈജു

WEBDUNIA|
അടുക്കളയിലായിരിക്കുമ്പോള്‍ സുമിത്രയ്ക്കും ഒരു പ്രത്യേക സൌന്ദര്യമാണ്. അത് കാണാന്‍ മാത്രം ബാലു പമ്മിപ്പമ്മി സുമിത്രയുടെ പിന്നില്‍ ചെന്ന് നില്‍ക്കാറുണ്ടായിരുന്നു. ബാലുവിന്‍റെ സാന്നിധ്യം തിരിച്ചറിയും മുമ്പ് ബാലു സുമിത്രയെ കരവലയത്തിനുള്ളിലാക്കി കഴിഞ്ഞിരിക്കും. അപ്പോള്‍ സുമുത്രയില്‍ വിരിയുന്ന ഭാവ വ്യതിയാനങ്ങള്‍ ബാലു ഏറെ ഇഷ്ടപ്പെട്ടിരുന്നു.

സന്ദിഗ്ദ്ധാവസ്ഥകള്‍ കഴിയുമ്പോള്‍ മുഷിപ്പനായോ, പിന്നെ അരോചകമായോ അനുഭവപ്പെടാനിടയുള്ള ഇത്തരം കുസൃതികള്‍ക്ക് മുന്‍‌കൈയ്യെടുക്കാന്‍ മെനക്കെടാതെ സ്വയം വെട്ടിയ ചാലിലൂടെ മാറിയൊഴുകാനാവും പലരും ശ്രമിക്കുക. സ്വയം അലിഞ്ഞ് ഇല്ലാതാകാന്‍ ശ്രമിച്ചതിന്‍റെ ഒരു ശതമാനമെങ്കിലും തുടരുവാന്‍ കഴിയാത്തതിന്‍റെ മനോവിഷമം മറക്കാന്‍ കൂടി കഴിയുമ്പോള്‍, എല്ലാം നിര്‍വചിക്കാവുന്ന പൊള്ളത്തരങ്ങളായി അനുഭവപ്പെട്ടേക്കാം. ബാലു ബ്രഡിന്‍റെ വശം ചേര്‍ത്തു കടിച്ചു.

“ചായ!” മേശപ്പുറത്ത് ചായ കൊണ്ടു വച്ചശേഷം അവള്‍ തിരിച്ചുപോയി. ആവി പറക്കുന്ന ചായക്കപ്പ് എടുത്ത് ചുണ്ടോടടുപ്പിക്കുമ്പോള്‍ ബാലുവിന്‍റെ കണ്ണുകളും അവളോടൊപ്പം സഞ്ചരിച്ചു. ഒരു പുരുഷനെയും ആകര്‍ഷിക്കാത്ത സൌന്ദര്യം! സുമിത്രയുടെ ഭര്‍ത്താവാകാന്‍ കഴിഞ്ഞതില്‍ അഹങ്കരിച്ചിരുന്നു, സ്ത്രീ സൌന്ദര്യത്തിന്‍റെ ലഹരി കെട്ടടങ്ങുന്നതുവരെ!

സുന്ദരിയാണെന്ന അഹങ്കാരത്തോടെ മണിയറയിലേയ്ക്കു വരുന്ന ഒരു പെണ്ണില്‍ മയങ്ങിപ്പോയത് അപരാധമായെന്ന് പിന്നെ തോന്നും, മഴ പെയ്തൊഴിഞ്ഞ ശേഷം അവശേഷിക്കുന്ന ചേറും മാലിന്യങ്ങളും കാണുമ്പോള്‍. നൈമിഷികമായ കാഴ്ചകള്‍ക്ക് വിലയില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കി വരുമ്പോഴേക്കും പിടിവിടാനാവാത്ത വിധം സമയം ഏറെ കഴിഞ്ഞിരിക്കും. തേനില്ലാത്ത പൂക്കള്‍ അപാര സൌന്ദര്യത്തോടെ വിടര്‍ന്ന് നില്‍ക്കുന്നത് ഒരു പക്ഷേ പരസ്യതന്ത്രം നടത്തി ഇരയെ ആകര്‍ഷിക്കാന്‍ മാത്രമാവും. തേനുള്ള പൂക്കള്‍ വിരിയാറില്ല, സുഗന്ധം പരത്താറില്ല. ബാലു കപ്പ് താഴെ വച്ചു.

ഇവള്‍ വിവാഹിതയായിരിക്കുമോ? ആരു വിവാ‍ഹം കഴിക്കാന്‍! സൌന്ദര്യം തൂക്കി വാങ്ങുന്ന ഇക്കാലത്ത് ഇങ്ങനെയൊരു പെണ്ണിനെ കെട്ടാന്‍ ആരെങ്കിലും തയാറാവുമോ! പണവും സൌന്ദര്യവും കെട്ടിവയ്ക്കാനില്ലാതെ ഇതുപോലെ ജീവിതം വഴിമുട്ടുപ്പോയ എത്രപേരുണ്ടാവും. സ്നേഹത്തിന് മാനദന്ധങ്ങള്‍ പറയുന്ന ജാതികളുടെ മുന്നില്‍ നിന്ന് ഒഴിഞ്ഞുമാറി അവര്‍ സ്വയം അടിച്ചമര്‍ത്തുകയാവാം ഇവര്‍.

ശരീരം വിലക്കുമ്പോഴും തണുത്തുറയാത്ത മനസുമായി ജീവിക്കുന്ന വികലാംഗരും, മാംസം ലേശമില്ലാത്ത എല്ലിന്‍‌കൂടങ്ങളും മഞ്ചാടിക്കുരുക്കളെണ്ണി കാത്തിരിക്കുകയാവാം‍, ഉള്ളില്‍ നീറുന്ന സങ്കല്‍പ്പങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍! ചായം പൂശിയ ഇറച്ചിക്ക് വേണ്ടി കടിപിടി കൂടുന്ന മാംസഭോജികളുടെ മുന്നില്‍ ഇവരൊക്കെ നികൃഷ്ട ജന്തുക്കളാവാം. എന്നാല്‍ മണിയറയുടെ അരണ്ട വെളിച്ചത്തില്‍ പോലും സ്വാര്‍ത്ഥത കാണിക്കുന്ന സ്വര്‍ണ്ണവിഗ്രഹങ്ങളെക്കാള്‍ വിലമതിക്കേണ്ടിവരും കണ്ണാടിക്കുമുന്നില്‍ പോലും വരാന്‍ മടിക്കുന്ന ഇവരുടെ രതിസങ്കല്‍പ്പങ്ങളെ. ബാലു എഴുന്നേറ്റു.

എഴുതാന്‍ കഴിയാത്ത കവിതയിലെ വരികള്‍ ബാലുവിന്‍റെ ഹൃദയത്തില്‍ അലയടിക്കുന്നുണ്ടായിരുന്നു. അതിന്‍റെ അലകള്‍ കെട്ടടങ്ങും‌ മുമ്പ് അയാള്‍ക്ക് അവ രചിക്കണമായിരുന്നു. പകുതി അടഞ്ഞ വാതില്‍ തുറന്ന് ബാലു അടുക്കളയിലേക്ക് ചെന്നു. അവിടെ അവള്‍ പാത്രങ്ങള്‍ കഴുകുകയായിരുന്നു. ബാലുവിന്‍റെ ശ്വാസനിശ്വാസങ്ങള്‍ അവളുടെ തോളിലൂടെ വീശാന്‍ തുടങ്ങി, എങ്കിലും അവള്‍ പ്രതികരിച്ചില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :