നിശ്വാസങ്ങള്‍

എന്‍ ടി ബൈജു

WEBDUNIA|
“ഒരു ദിവസമെങ്കിലും സ്വസ്ഥമായിരിക്കാമെന്ന് വച്ചാല്‍ സമ്മതിക്കില്ല. എവിടെയെങ്കിലും ഇറങ്ങിപ്പോയാലോ!” ബാലു ആലോചിച്ചു. വേലക്കാരിയെ ഒറ്റയ്ക്കാക്കിയിട്ട് പോകാനും പറ്റില്ല. ബാലു സോഫയിലേക്ക് പത്രം വലിച്ചെറിഞ്ഞു. “സാറേ! സാറ് കാപ്പി കുടിച്ചായിരുന്നാ?” ഭവ്യത ഭാവിച്ചുകൊണ്ടുള്ള അവളുടെ ചോദ്യം കേട്ടപ്പോള്‍ ബാലു ഏതോ ഒരര്‍ത്ഥത്തില്‍ തലയാട്ടി, പിന്നെ മുറിയിലേക്ക് പോയി.

നിറം കൊടുക്കാത്ത ചിത്രം പോലെ ആ കവിത അവിടെ കിടപ്പുണ്ടായിരുന്നു, ബാലു അതെടുത്തു. വെട്ടിത്തിരുത്തി പരസ്പരബന്ധം നഷ്ടപ്പെട്ട വരികളെ ബാലു നോക്കിയിരുന്നു. പണ്ടൊക്കെ എഴുതാന്‍ കഴിയാതെ വരുമ്പോള്‍ സുമിത്ര ഒരു പ്രചോദനമായി അടുത്തുണ്ടാവുമായിരുന്നു.

അവളോടൊത്തുള്ള നിമിഷങ്ങള്‍ മാത്രം മതിയായിരുന്നു, ഒരിക്കലും നിലക്കാത്ത പ്രവാഹം പോലെ വരികള്‍ ഒഴുകാന്‍! വികാരങ്ങള്‍ക്ക് പുതുമ നഷ്ടപ്പെട്ടപ്പോള്‍ എല്ലാം അവസാനിച്ച പോലെ! സ്വന്തം കാര്യങ്ങള്‍ക്ക് കൂടുതല്‍ ഗൌരവം നല്‍കാന്‍ ശ്രമിച്ചു തുടങ്ങിയിരിക്കുന്നു രണ്ടുപേരും. മഹാനദി പോലെ ഒഴുകിയ പലരും അവരറിയാതെ ദിശ മാറിയൊഴുകുകയെന്നത് സ്വാഭാവികം മാത്രമാവാം. എങ്കിലും സമുദ്രം പിളര്‍ന്നൊഴുകുമോ? ബാലു ഒരു നിമിഷം കണ്ണടച്ചിരുന്നു.

സുമിത്രയെ മാത്രം കുറ്റം പറയാനാവില്ല. വ്യത്യസ്തതകള്‍ എന്നും വ്യത്യസ്തകള്‍ തന്നെയാണ്, അവ ഇല്ലെന്ന് പല തവണ ആവര്‍ത്തിച്ചാല്‍ കൂടി! ബാലുവിന്‍റെ താല്‍പ്പര്യങ്ങളെ മനസിലാക്കാന്‍ സുമിത്രക്ക് നന്നേ കഴിഞ്ഞിരുന്നു, ബാലുവിന് തിരിച്ചും. പരസ്പരം എല്ലാം മനസിലായി കഴിയുമ്പോള്‍ മനസ്സ് ക്രമേണ വിമര്‍ശനാത്മകമാവാറുണ്ട്, പിഴവുകള്‍ കണ്ടുപിടിക്കാന്‍ തുടങ്ങാറുണ്ട്, പരിവേഷണം നടത്താന്‍ ഇനി ഒന്നും ഇല്ലെന്ന് കാണുമ്പോള്‍ കളിപ്പാട്ടം വലിച്ചെറിയുന്ന കുട്ടിയെപ്പോലെ.

സ്വാഭാവികമായി തോന്നാവുന്ന സൌന്ദര്യപ്പിണക്കങ്ങള്‍ ദാമ്പത്യത്തെ ഊഷ്മളമാക്കുന്നതായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. എന്നാല്‍ മനസ്സുകള്‍ ഭിന്നദിശകളിലേക്ക് തിരിഞ്ഞ് നടക്കാന്‍ തുടങ്ങുന്നതിന്‍റെ സൂചനകള്‍ ചിലപ്പോഴെങ്കിലും പ്രത്യക്ഷമാകാറുണ്ട്, സൂക്ഷ്മമായി നിരീക്ഷിച്ചാല്‍! കിടപ്പുമുറിയുടെ കതക് ചാരി ബാലു പുറത്തേക്ക് വന്നു.

ഡൈനിംഗ് ടേബിളിലിരുന്ന ബ്രെഡിന്‍റെ കെട്ടഴിച്ച് ബാലു അടുക്കളയിലേക്ക് നോക്കി. അനക്കമൊന്നും കേള്‍ക്കാനില്ല. വിളിക്കാനൊരു പേരുപോലും അറിയാത്തതിന്‍റെ മനോവിഷമം സഹിക്കാനാവാതെ വന്നപ്പോള്‍ ബാലു ഗതികെട്ട് എഴുന്നേറ്റു. ഫ്രിഡ്ജില്‍ നിന്ന് ഒരു കവര്‍ പാലെടുത്ത് അടുക്കളയിലേക്ക് കയറി. സ്റ്റൌവിന്‍റെ നേരെ നില്‍ക്കുന്ന രൂപത്തിന്‍റെ പിന്‍ഭാഗം കണ്ട് ബാലു ചെറുതായൊന്ന് പതറി.

ആള്‍പ്പെരുമാറ്റം കേട്ട് ആ രൂപവും പെട്ടെന്ന് തിരിഞ്ഞു. “ഇതാ പാല്‍, ഒരു ചായയിടൂ!” ബാലു പറഞ്ഞു. മുഖത്ത് പ്രകടമായ പതര്‍ച്ച മറക്കാന്‍ ബാലു നന്നേ പരിശ്രമിക്കുന്നുണ്ടായിരുന്നു. “ചായ അടുപ്പത്ത് വച്ചതേയൊള്ള്!” ഒന്നും മിണ്ടാതെ എടുത്ത പാല്‍ ഫ്രിഡ്ജില്‍ തന്നെ തിരിച്ച് വച്ച് ബാലു ബ്രെഡില്‍ ജാം പുരട്ടാന്‍ തുടങ്ങി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :