നിശ്വാസങ്ങള്‍

എന്‍ ടി ബൈജു

WEBDUNIA|
രാത്രി മുഴുവന്‍ എത്ര എഴുതാന്‍ ശ്രമിച്ചിട്ടും പൂര്‍ത്തിയാക്കാനാവാത്ത കവിത ബാലു മേശപ്പുറത്തു നിന്നെടുത്തു. വെട്ടിയും തിരുത്തിയും സുഖം നഷ്ടപ്പെട്ട ചിന്തകള്‍ ബാലുവിനെ അലട്ടുന്നുണ്ടായിരുന്നു.

ചിലപ്പോഴൊക്കെ അങ്ങനെയാണ്, എഴുതാന്‍ ശ്രമിക്കുന്തോറും അക്ഷരങ്ങള്‍ വഴിമാറിപ്പോവുക, വികാരങ്ങള്‍ കുത്തിയൊഴുകുമ്പോഴും വിരലുകള്‍ ശാഠ്യം പിടിക്കുക, പിന്നെ ആ നിരാശയില്‍ മുഖം പൊത്തി ഉറങ്ങുക... എഴുത്തുകാരനെ നിഷ്പ്രഭനാക്കി ഇടക്കിടെ വന്നുപോകുന്ന ഇത്തരം രാത്രികള്‍ ഉണ്ടാവേണ്ടതാണ്. ഒഴുക്ക് നഷ്ടപ്പെട്ട നദിയുടെ മ്ലാനതയും പെയ്യാനാവാതെ പറക്കേണ്ടി വന്ന കാര്‍മേഘത്തിന്‍റെ നിസഹായതയും ബാലുവിന്‍റെ മുഖത്ത് പ്രകടമായിരുന്നു. അയാള്‍ ഒരു സിഗററ്റെടുത്തു കത്തിച്ചു.

കോളിങ് ബെല്ലിന്‍റെ നീണ്ട ശബ്ദം പരിസരബോധത്തിന്‍റെ അസുഖാവസ്ഥയിലേക്ക് ബാലുവിനെ കൊണ്ടുവന്നു. അരോചകം കലര്‍ന്ന ആ കൂക്കുവിളിയെ അവഗണിക്കാന്‍ എത്ര ശ്രമിച്ചിട്ടും വിജയിക്കാതെ വന്നപ്പോള്‍ പാതി കത്തിത്തീര്‍ന്ന സിഗററ്റുകുറ്റി കുത്തിക്കെടുത്തി ബാലു എഴുന്നേറ്റു. അയഞ്ഞ് തൂങ്ങിയ കൈലിമുണ്ട് നന്നായുടുത്ത്, കല്ലെറിഞ്ഞ് കലക്കിയ നിശ്ചലതയുടെ കുണ്ഠിതത്തോടെ ബാലു കതക് തുറന്നു.

സ്വയം അലങ്കരിച്ച് വിരൂപമായ ഒരു സ്ത്രീ രൂ‍പം! ബാലു അമ്പരന്നു. കോളിങ് ബെല്ലിനോട് പ്രതികാരം തീര്‍ത്തതിന്‍റെ സന്തോഷത്തില്‍ ആ രൂപം ബാലുവിനെ നോക്കി പുഞ്ചിരിച്ചു. ചക്ക വെട്ടിക്കീറി വച്ചമാതിരിയുള്ള പുഞ്ചിരി കൂടിയായപ്പോള്‍ ബാലു സ്വയം വഴിമാറിക്കൊടുത്തു.

പത്രം വായിക്കുന്നതിനിടയിലും ഭാര്യ സുമിത്രയോടുള്ള അരിശമായിരുന്നു ബാലുവിന്‍റെ മുഖത്ത്. യാദൃശ്ചികമായി കിട്ടിയ അവധി ആഘോഷിക്കാന്‍ സുമിത്ര പലതവണ വിളിച്ചതാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണെങ്കിലും എഴുത്തിന്‍റെ ലോകത്തേക്ക് അല്‍പ്പമെങ്കിലും തിരികെയെത്താന്‍ കഴിഞ്ഞ നിര്‍വൃതിയില്‍ അഹങ്കരിക്കാന്‍ ബാലുവിന് ഇനിയും എഴുതണമായിരുന്നു. അതുകൊണ്ട് ചില ജോലികള്‍ തീര്‍ക്കാനുണ്ടെന്ന് പറഞ്ഞ് സുമിത്രയെ ബാലു മനപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു.

ബ്രേക്ക്-ഫാസ്റ്റ് മേശപ്പുറത്ത് വച്ചിട്ടുണ്ടെന്നും അത്താഴത്തിനെ തന്നെ പ്രതീക്ഷിക്കണ്ടെന്നും പറഞ്ഞ് സുമിത്ര പോകുമ്പോള്‍ പറയാന്‍ വിട്ടുപോയതാവാം ഈ വേലക്കാരിയുടെ വരവ്. പത്രത്താളുകള്‍ മറിച്ച് ബാലു അടുക്കളയിലേക്ക് നോക്കി. “ഇതിലും ഭേദം ഓഫീസില്‍ തന്നെ പോകുന്നതായിരുന്നു. ചുമ്മാതല്ല എന്‍റെ പ്രിയ സുമതി മനസമാധാനത്തോടെ പുറത്ത് പോയത്!” എഴുതാന്‍ ഏകാന്തത കടം വാങ്ങിയ എഴുത്തുകാരനെ പീഡിപ്പിക്കുന്ന പ്രാരാബ്ദങ്ങളെ പോലെ ബാലുവിന് തോന്നി ആ നിമിഷങ്ങള്‍!




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :