ഡീസല്‍ വില്‍‌പനയില്‍ കനത്ത നഷ്‌ടം

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഡീസല്‍ വില്‍‌പനയിലൂടെയുള്ള വരുമാന നഷ്‌ടം നാണയപ്പെരുപ്പം പിടിച്ചു കെട്ടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്നു. ലിറ്ററിന് 14 രൂ‍പ വരെ വരുമാന നഷ്‌ടം സഹിച്ച് ഡീസല്‍ വില്‍ക്കേണ്ട ഗതികേടിലാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍. പെട്രോളിനാകട്ടെ ലിറ്ററിന് നാലര രൂപ നഷ്ടം വരുന്നതായും കമ്പനികള്‍ പറയുന്നു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ കമ്പനികള്‍ ഇറക്കുമതി ചെയ്യുന്നതിലും കുറഞ്ഞ വിലയ്ക്കാണു ഡീസല്‍, പാചക വാതകം, എന്നിവ വില്‍ക്കുന്നത്. ഡീസല്‍ വില്‍പ്പനയിലൂടെ മൂന്നു പൊതുമേഖലാ കമ്പനികള്‍ക്കും കൂടി പ്രതിദിന നഷ്ടം 285 കോടിയാണെന്നാണ് കണക്ക്.

രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില 100 ഡോളറിനു മുകളിലെത്തിയപ്പോള്‍ ആഭ്യന്തര വിപണിയില്‍ വില കൂട്ടാതിരുന്നതാണ് നഷ്ടം ഇത്രകണ്ട് വര്‍ദ്ധിക്കാന്‍ കാരണം. വില കൂട്ടുന്നതിനെതിരെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്കുമേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയിരുന്നു.

എന്നാല്‍ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച് ഇത്തവണത്തെ ബജറ്റില്‍ പരാമര്‍ശമുണ്ടായിരുന്നില്ല. .

മണ്ണെണ്ണ ലിറ്ററിന് 24.74 രൂപയും പാചക വാതകം സിലിണ്ടറിന് 297.80 രൂപയും നഷ്ടം സഹിച്ചാണു കമ്പനികള്‍ വില്‍ക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :