ആറ്‌ പുത്തന്‍ കാറുകളുമായി ജനറല്‍ മോട്ടോഴ്സ്

ചെന്നൈ| WEBDUNIA|
PRO
PRO
രാജ്യത്തെ കാര്‍ നിര്‍മാണക്കമ്പനികളില്‍ അഞ്ചാം സ്ഥാനം അലങ്കരിക്കുന്ന ജനറല്‍ മോട്ടോഴ്സ് അടുത്ത 24 മാസത്തിനുള്ളില്‍ പുതിയ ആറു മോഡലുകള്‍ പുറത്തിറക്കും. കാറുടമകള്‍ക്ക് ഏറെ പ്രിയപ്പെട്ട ഷെവര്‍ലെയുടെ ‘ബീറ്റിന്‍റെ‘ ഡീസല്‍ മോഡലുമുണ്ടാകും. കാപ്റ്റീവയും ടവേരയുടെ പുതിയ മോഡല്‍ ബി‌എസ്4-ഉം ഈ വര്‍ഷം ജൂണില്‍ ഇറക്കാനാണുദ്ദേശിക്കുന്നത്.

“അടുത്ത 24 മാസത്തില്‍ ആറ്‌ പുത്തന്‍ കാറുകള്‍ വിപണിയില്‍ ഇറക്കിക്കൊണ്ട് ജനറല്‍ മോട്ടോഴ്സ് അത്ഭുതം സൃഷ്‌ടിക്കും. കമ്പനി വിപുലീകരണ ഘട്ടത്തിലാണിപ്പോള്‍. ഈ വര്‍ഷമവസാനത്തോടു കൂടി തന്നെ ചെറിയ വാണിജ്യ വാഹനങ്ങളും കമ്പനി പുറത്തിറക്കും. മഹാരാഷ്‌ട്രയിലെയും ഗുജറാത്തിലെയും കാര്‍ നിര്‍മ്മാണശാലകളില്‍ നിന്നായി ഒരു വര്‍ഷം 2,25000 കാറുകള്‍ നിര്‍മ്മിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ” ജി‌എം ഇന്ത്യയുടെ വൈസ് പ്രസിഡന്റ് പി ബാലേന്ദ്രന്‍ ചെന്നൈയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കമ്പനി പുറത്തിറക്കിയ ഷെവര്‍ലെ ബീറ്റ് ഒരു ലക്ഷം യൂണിറ്റ് വിറ്റ് റെക്കോര്‍ഡിട്ടതോടെ, ജനറല്‍ മോട്ടേഴ്സ് ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ കാര്‍ നിര്‍മ്മാതാക്കളായി മാറി. ഷെവര്‍ലെ ബീറ്റിന്‍റെ എല്‍പിജി ഗ്യാസ് കൊണ്ട് ഓടിക്കാവുന്ന മോഡല്‍ കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ‘സ്മാര്‍ടെക്’ എഞ്ചിനാണ് ഈ മോഡലിന്റെ സവിശേഷത.

പരിസ്ഥിതി സൌഹൃദ മോഡലായ ഷെവര്‍ലെ ‘ബീറ്റി‘ന്‍റെ എല്‍പിജി സാങ്കേതിക വിദ്യയുടെ സവിശേഷതകളിലൊന്ന് പെട്രോളില്‍ നിന്നും ഗ്യാസിലേക്ക് ഇന്ധന നഷ്‌ടം കൂടാതെ എളുപ്പത്തില്‍ മാറാനാവുമെന്നതും മാത്രമല്ല വാഹനത്തിന് കുലുക്കമോ യന്ത്രക്കുഴലിന് തീപിടിത്തമോ സംഭവിക്കുകയുമില്ലെന്നതുമാണ്. ജനറല്‍ മോട്ടോഴ്സ് പുതിയ കാറുകളുമായി എത്തുമ്പോള്‍ ഇത്തവണയും റെക്കോര്‍ഡുകള്‍ ഭേദിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് വാഹന വിപണി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :