ആർഭാടത്തിനും ആഡംബരത്തിനും കുറവില്ലാതെ റോൾസ് റോയ്സ് ‘ഡോൺ’ ഇന്ത്യയിലേക്ക്!

ബ്രിട്ടീഷ് അത്യാഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സ് തങ്ങളുടെ പുതിയ അവതരണമായ ‘ഡോണി’ന്റെ ഇന്ത്യൻ അരങ്ങേറ്റം വെള്ളിയാഴ്ച നടക്കും

റോൾസ് റോയ്സ്, ബ്രിട്ടന്‍, കാര്‍, ഇന്ത്യ rolls royce dawn, britain, car, india
സജിത്ത്| Last Modified തിങ്കള്‍, 20 ജൂണ്‍ 2016 (12:24 IST)
ബ്രിട്ടീഷ് അത്യാഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സ് തങ്ങളുടെ പുതിയ അവതരണമായ ‘ഡോണി’ന്റെ ഇന്ത്യൻ അരങ്ങേറ്റം വെള്ളിയാഴ്ച നടക്കും. അരങ്ങേറ്റത്തിനായി ‘ഡോൺ’ ഇന്ത്യയിലെത്തുന്നതോടെ ഈ വിപണിയിൽ റോൾസ് റോയ്സ് ശ്രേണിയിൽ ലഭ്യമാവുന്ന മോഡലുകളുടെ എണ്ണം നാലായി ഉയരും.

‘ഫാന്റം’ ഡ്രോപ്ഹെഡിനു ശേഷം ഇന്ത്യയിൽ റോൾസ് റോയ്സ് അവതരിപ്പിക്കുന്ന രണ്ടാമത്തെ കൺവെർട്ട്ബ്ളാവും ‘ഡോൺ’. രൂപകൽപ്പനയിലെ സാമ്യം മൂലം ചിലപ്പോഴൊക്കെ ‘റെയ്ത്തി’നെ അനുസ്മരിപ്പിക്കുമെങ്കിലും ‘ഡോൺ’ ഡ്രോപ് ഹെഡ് പൂർണമായും പുതിയതാണെന്നാണു റോൾസ് റോയ്സ് അറിയിച്ചത്. ‘റെയ്ത്തി’നെ അപേക്ഷിച്ച് 45 എം എം ഉയരത്തിലാണു ‘ഡോണി’ന്റെ മുന്നിലെ റേഡിയേറ്റർ ഗ്രില്ലിന്റെ സ്ഥാനം.

നീണ്ട ബോണറ്റ്, മുന്നിലെ നീളം കുറഞ്ഞ ഓവർ ഹാങ്ങ്, പിന്നിലെ നീണ്ട ഓവർ ഹാങ്ങ്, ഉയർന്ന ഷോൾഡർ ലൈൻ, 2:1 അനുപാതത്തിലെ വീൽ ഹൈറ്റും ബോഡി വെയ്റ്റും എന്നിവയൊക്കെ കാറിന്റെ പ്രത്യേകതകളാണ്. മുന്നിലെ താഴെയുള്ള ബംപര്‍ 53 എം എം ദീർഘിപ്പിച്ചിട്ടുമുണ്ട്. മുന്നിൽ എൽ ഇ ഡി ഡേടൈം റണ്ണിങ്ങ് ലാംപുകൾ അതിരിടുന്ന സ്റ്റൈൽ സമൃദ്ധമായ പ്രൊജക്ടർ ഹെഡ്ലാംപാണു കാറിലുള്ളത്.

കൂടാതെ നിശ്ശബ്ദമായി തുറക്കുന്ന സോഫ്റ്റ് ടോപ് റൂഫ് കാറിന്റെ മറ്റൊരു പ്രത്യേകതയാണ്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വെറും 20 സെക്കൻഡിൽ ഈ റൂഫ് തുറക്കാനാന്‍ കഴിയുമെന്ന് നിർമാതാക്കള്‍ വ്യക്തമാക്കി. മുന്നിലും പിന്നിലുമായി രണ്ട് വീതം സീറ്റുകളാണ് കാറിലുള്ളത്. നാലു മേഖലകളായി തിരിച്ച ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വ്യക്തിഗതമായി ക്രമീകരിക്കാവുന്ന 16 സ്പീക്കറുകൾ സഹിതം പ്രീമിയം ഓഡിയോ സിസ്റ്റം, ക്രോം അഴകേകുന്ന ഇൻസർട്ട് എന്നിവയും കാറിന്റെ മറ്റു സവിശേഷതകളാണ്.

6.6 ലീറ്റർ, ട്വിൻ ടർബോ ചാർജ്ഡ് വി 12 പെട്രോൾ എൻജിനാണ് ‘ഡോണി’നു കരുത്തേകുന്നത്. പരമാവധി 632.7 പി എസ് കരുത്തും 800 എൻ എം വരെ ടോർക്കുമായിരിക്കും ഈ എൻജിൻ സൃഷ്ടിക്കുക. വെറും 4.6 സെക്കൻഡ് കൊണ്ട് നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഈ എൻജിനു സാധിക്കും.
‘ഡോൺ’ ഇന്ത്യയിലെത്തുമ്പോൾ വില നാലര മുതൽ അഞ്ചു കോടി രൂപ വരെയാവുമെന്നാണു പുറത്തുവരുന്ന സൂചന.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

(കടപ്പാട്: മനോരമ ഓണ്‍ലൈന്‍)


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :