ലണ്ടന്‍|
jibin|
Last Modified വെള്ളി, 17 ജൂണ്‍ 2016 (08:01 IST)
ബ്രിട്ടനിൽ ലേബർ പാർട്ടിയുടെ വനിതാ എംപി വെടിയേറ്റു മരിച്ചു. വടക്കൻ ലണ്ടനിലെ ബാട്‌ലി ആൻഡ് സ്പെൻ മണ്ഡലത്തിലെ എംപിയായ ജോ കോക്‌സ് (41) ആണു സ്വന്തം മണ്ഡലത്തിൽ ജനസമ്പർക്ക പരിപാടിക്കിടെ കൊല്ലപ്പെട്ടത്. 52കാരനായ അക്രമിയെ പിന്നീട് മാര്‍ക്കറ്റ് സ്ട്രീറ്റില്‍വെച്ച് അറസ്റ്റ് ചെയ്തതായി വെസ്റ്റ് യോര്‍ക്ഷെയര്‍ പൊലീസ് പറഞ്ഞു.
മണ്ഡലത്തില്‍ വാരാന്ത യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കോക്‌സ്. കോക്‍സിനു നേര്‍ക്ക് അക്രമി മൂന്നു തവണ നിറയൊഴിച്ചു. നിരവധി തവണ കുത്തുകയും ചെയ്തു. സംഭവത്തില്‍ 77 വയസുള്ള മറ്റൊരാള്‍ക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാറ്റ്ലി സ്പെന്‍ മണ്ഡലത്തെയാണ് ജോ പ്രതിനിധീകരിക്കുന്നത്. മൂന്നു അഞ്ചും വയസുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് ജോ.
പഴയതോക്കുമായി ഒരാള്‍ പെട്ടെന്ന് വെടിയുതിര്‍ക്കുന്നത് കണ്ടതായി സംഭവത്തിന് ദൃക്സാക്ഷിയായ കോഫി ഷോപ്പ് ഉടമ ക്ളാര്‍ക്ക് റോത്ത്വെല്‍ പൊലീസിനോട് പറഞ്ഞു. രണ്ടുവട്ടം നിറയൊഴിച്ചെന്നും വെടിയേറ്റു നിലത്തുവീണ എംപിയെ അക്രമി ചവിട്ടിയെന്നുമാണു ദൃക്‌സാക്ഷി മൊഴി. ചോരവാർന്നു വഴിയോരത്തു കിടക്കുന്ന നിലയിലാണ് എംപിയെ പൊലീസ് കണ്ടെത്തിയത്.
കൊലയുടെ കാരണം വ്യക്തമല്ല.
ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്നു ശക്തമായി വാദിക്കുന്ന യുവനേതാക്കളിലൊരാളാണ്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്നു തീരുമാനിക്കാനുള്ള ഹിതപരിശോധന 23നു നടക്കാനിരിക്കെയാണു യൂറോപ്യൻ യൂണിയൻ അനുകൂല നിലപാടുള്ള എംപി കൊല്ലപ്പെട്ടത്. എംപി കൊല്ലപ്പെട്ടതിനെത്തുടർന്നു ഹിതപരിശോധനയുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികൾ നിർത്തിവച്ചു. വടക്കൻ ലണ്ടനിലെ ലീഡ്സ് നഗരത്തോടു ചേർന്നുള്ള മണ്ഡലമാണു ബട്‌ലി ആൻഡ് സ്പെൻ.