ഇന്ത്യൻ ഹോക്കിയുടെ കാവലാളും ഇതിഹാസ താരവുമായ പി ആർ ശ്രീജേഷ് വിരമിക്കുന്നു, പാരീസ് ഒളിമ്പിക്സിന് ശേഷം പുതിയ ചുമതല

അഭിറാം മനോഹർ| Last Modified ചൊവ്വ, 23 ജൂലൈ 2024 (12:34 IST)
അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷ്. ഈ മാസം 26ന് തുടങ്ങുന്ന പാരീസ് ഒളിമ്പിക്‌സിലായിരിക്കും ശ്രീജേഷ് ഇന്ത്യന്‍ കുപ്പായത്തില്‍ അവസാനമായി ഇറങ്ങുക. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ശ്രീജേഷ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. വിരമിച്ച ശേഷം ഇന്ത്യന്‍ ഹോക്കി ടീമിന്റെ സഹപരിശീലകനെന്ന പുതിയ ചുമതല താരം ഏല്‍ക്കുമെന്ന് സൂചനയുണ്ട്.

എന്നില്‍ വിശ്വാസം അര്‍പ്പിച്ചതില്‍ നന്ദി. ഒരു അദ്ധ്യായത്തിന്റെ അവസാനവും പുതിയ സാഹസികതയുടെ തുടക്കവുമാണിത്. 2020ല്‍ ടോക്കിയോ ഒളിമ്പിക്‌സില്‍
നേടിയ വെങ്കല മെഡല്‍ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. കണ്ണീരും സന്തോഷവും അഭിമാനവുമെല്ലാം അതില്‍ അടങ്ങിയിരിക്കുന്നു. രാജ്യാന്തര ഹോക്കിയിലെ അവസാന അങ്കം പടിക്കല്‍ നില്‍ക്കുമ്പോള്‍ എന്റെ ഹൃദയം നന്ദികൊണ്ടും കൃതജ്ഞത് കൊണ്ടും വീര്‍പ്പുമുട്ടുന്നു. ഈ യാത്രയില്‍ എനിക്കൊപ്പം നില്‍ക്കുകയും സ്‌നേഹവും പിന്തുണയും നല്‍കുകയും ചെയ്ത കുടുംബത്തിനും ടീമംഗങ്ങള്‍ക്കും പരിശീലകര്‍ക്കും ആരാധകര്‍ക്കും നന്ദി. എക്‌സില്‍ പങ്കുവെച്ച വികാരാനിര്‍ഭരമായ കുറിപ്പില്‍ ശ്രീജേഷ് കുറിച്ചു.

ഒന്നര ദശകത്തോളം ഇന്ത്യന്‍ ഹോക്കിയുടെ കാവലാളെന്ന നിലയില്‍ ടീമിന്റെ നെടുന്തൂണായ ശ്രീജേഷ് 2016ലെ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയെ നയിച്ചിരുന്നു. വെങ്കല മെഡല്‍ നേടിയ 2020ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ വലിയ പങ്കാണ് ശ്രീജേഷ് വഹിച്ചത്. 2014 ഏഷ്യന്‍ ഗെയിംസിലും 2022ലെ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ സ്വര്‍ണം നേടിയപ്പോഴും ആ വിജയങ്ങളില്‍ ശ്രീജേഷിന് വലിയ പങ്കുതന്നെ വഹിക്കാന്‍ സാധിച്ചു.
2006ല്‍ കൊളംബോയില്‍ നടന്ന സാഫ് ഗെയിംസിലായിരുന്നു സീനിയര്‍ ടീമിലെ താരത്തിന്റെ അരങ്ങേറ്റം. 2013ല്‍ നടന്ന ഏഷ്യാകപ്പില്‍ മികച്ച ഗോളിയായി തിരെഞ്ഞെടുക്കപ്പെട്ടിരുന്നു. 2014ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ പാകിസ്ഥാനെതിരെ 2 പെനാല്‍ട്ടി സ്‌ട്രോക്കുകള്‍ രക്ഷിച്ച് വീരനായകനാകാനും ശ്രീജേഷിനായിരുന്നു. 2014,2018 ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച ഗോള്‍ കീപ്പറായി തിരെഞ്ഞെടുക്കപ്പെട്ടു. 2020ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യ വെങ്കല മെഡല്‍ സ്വന്തമാക്കിയത് ശ്രീജേഷിന്റെ മികവിലായിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :