അഭിറാം മനോഹർ|
Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (14:34 IST)
ഫെഡറര്‍,നദാല്‍,ജോക്കോവിച്ച് കാലഘട്ടത്തിന് ശേഷം പുരുഷ ടെന്നീസ് ലോകം ഭരിക്കുക താനാകുമെന്ന സൂചന നല്‍കി റോളണ്ട് ഗാരോസില്‍ കിരീടം സ്വന്തമാക്കി സ്‌പെയിന്‍ യുവതാരം കാര്‍ലോസ് അല്‍ക്കരാസ്. കരിയറിലെ ആദ്യത്തെ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് സ്പാനിഷ് താരം സ്വന്തമാക്കിയത്. പുരുഷ സിംഗിള്‍സ് ഫൈനലില്‍ അലക്‌സാണ്ടര്‍ സ്വരേവായിരുന്നു അല്‍ക്കരാസിന്റെ എതിരാളി. കരിയറിലെ മൂന്നാം ഗ്രാന്‍സ്ലാമാണ് താരം സ്വന്തമാക്കിയത്.
4 മണിക്കൂറും 19 മിനിറ്റും നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് അല്‍ക്കാരസ് വിജയിച്ചുകയറിയത്. ആദ്യ സെറ്റ് അല്‍ക്കാരസ് സ്വന്തമാക്കിയപ്പോള്‍ രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കി സ്വരേവ് മത്സരത്തില്‍ തിരിച്ചെത്തുകയായിരുന്നു. എന്നാല്‍ നാലാമത്തെയും അഞ്ചാമത്തെയും സെറ്റുകളില്‍ സ്വരേവിനെ നിലം തൊടുവിക്കാതെയാണ് അല്‍ക്കരാസ് വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 6-2,2-6,5-7,6-1,6-2
നേരത്തെ ഏറെനാളത്തെ പരിക്കിന് ശേഷം തന്റെ പ്രിയ തട്ടകമായ റോളണ്ട് ഗാരോസില്‍ തിരിച്ചെത്തിയ മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. സ്വരേവ് തന്നെയായിരുന്നു നദാലിനെതിരെ വിജയം സ്വന്തമാക്കിയത്. ഫൈനലില്‍ ജര്‍മന്‍ താരത്തെ തോല്‍പ്പിച്ചുകൊണ്ട് നദാലിന്റെ തോല്‍വിയില്‍ പ്രതികാരം ചെയ്യാനും ഇതോടെ അല്‍ക്കരാസിനായി.