വിരഹാതുരനായ ഒരു കാമുകന്റെ വേറിട്ട പ്രകടനം മൂലം പൂനെയില്‍ വാഹനഗതാഗതം വരെ തടസ്സപ്പെട്ടു. സുനില്‍ എന്നയാളാണ് ഹിഞ്ചെവാഡി വിപ്രോ സര്‍ക്കിളില്‍ കാമുകിക്കായി ഇരുപതോളം ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇത് കാണാന്‍ ആളുകള്‍ തടിച്ചുകൂടിയത് മൂലമാണ് ഗതാഗതം തടസ്സപ്പെട്ടത്.
മാധവി വ്യാസ് എന്ന പെണ്‍കുട്ടിക്ക് ജന്മദിനാശംസകള് നേരുന്നതിനായാണ് സുനില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. മാധവി വ്യാസ്, ഒറാക്കിള്‍ അസ്സോസിയേറ്റ് കണ്സല്ട്ടറ്റ്സ്, ഇന്‍ഫോസിസ് പൂനെ എന്ന മേല്‍വിലാസവും ഫ്ലക്സ് ബോര്‍ഡിലുണ്ട്. എന്നാല്‍ സുനിലിനേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെയില്ല.
ഫ്ലസ് ബോര്‍ഡുകള്‍ കണ്ണില്‍പ്പെട്ടതോടെ ആളുകള്‍ അതിന് മുമ്പില്‍ തടിച്ചുകൂടുകയായിരുന്നു. ചിലര്‍ ഫക്സ് ബോര്‍ഡുകളുടെ ചിത്രങ്ങളെടുത്തു. ചില ഫ്ലക്സ് ബോര്‍ഡുകളില്‍ സുനില്‍ കാമുകിയോട് ചെയ്ത തെറ്റിന് മാപ്പും ചോദിക്കുന്നുണ്ട്.
പൂനെ ഇന്‍ഫോസിസില്‍ മാധവി വ്യാസ് എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇവരേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്കാന് അവര്‍ തയ്യാറായില്ല.